ചെന്നൈ: പരിസ്ഥിതിസൗഹൃദ ജൈവ സിമന്റിന്റെ നിർമാണത്തിന് സഹായകമാവുന്ന പദാർഥഘടനയുടെ ഗണിതമാതൃക മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വികസിപ്പിച്ചു. ചിലയിനം സൂക്ഷ്മജീവികളുടെ പ്രവർത്തനംവഴി കാത്സ്യം കാർബണേറ്റ് പോലുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിച്ചാണ് സിമന്റിനുപകരം ഉപയോഗിക്കാവുന്ന ഉറപ്പേറിയ ജൈവ സിമന്റ് നിർമിക്കുന്നത്.
ഏറ്റവുമധികം കാർബൺഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങളിലൊന്നാണ് സിമന്റ് നിർമാണം. ഈ സംയുക്തം നിർമിക്കുമ്പോൾ കുറച്ചുമാത്രമേ കാർബൺഡയോക്സൈഡിന്റെ ബഹിർഗമനം ഉണ്ടാവുകയുള്ളൂ.
സ്പോറോസാർസിന പാസ്ച്യൂറി എന്ന ബാക്ടീരിയയെ ഉപയോഗിച്ച് നിർമിക്കാവുന്ന ജൈവ സിമന്റിന്റെ പദാർഥഘടനയുടെ മാതൃകയാണ് മദ്രാസ് ഐ.ഐ. ടി.യിൽ രൂപപ്പെടുത്തിയത്. ബയോടെക്നോളജി വകുപ്പ് അധ്യാപകൻ പ്രൊഫ. ജി.കെ. സുരൈഷ്കുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. നീരവ് ഭട്ട്, ഗവേഷക ശുഭശ്രീ ശ്രീധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിന്റെ ഫലം ബയോകെമിക്കൽ എൻജിനിയറിങ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യാവസായികാടിസ്ഥാനത്തിൽ ജൈവ സിമന്റ് ഉത്പാദിപ്പിക്കാൻ കഴിയുന്നതോടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ കഴിയും. സാധാരണ സിമന്റ് നിർമിക്കുന്നതിന് 900 ഡിഗ്രി സെൽഷ്യസിനുമേൽ താപനില ആവശ്യമാണ്. എന്നാൽ, 30 ഡിഗ്രിമുതൽ 40 ഡിഗ്രിവരെ താപനിലയിൽ ജൈവ സിമന്റ് നിർമിക്കാനാവും.
വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനാവും എന്നതാണ് മറ്റൊരുഗുണം. ഉപോത്പന്നങ്ങൾ ബാക്ടീരിയയെ വളർത്താൻ ഉപയോഗിക്കാമെന്നതുകൊണ്ട് വ്യാവസായികമാലിന്യങ്ങളും ഉണ്ടാകുന്നില്ല.
ബാക്ടീരിയകളെ ഉപയോഗിച്ച് കാത്സ്യം സംയുക്തങ്ങൾ ഉത്പാദിപ്പിച്ച് ജൈവ സിമന്റ് നിർമിക്കാനുള്ള ഗവേഷണങ്ങൾ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പദാർഥഘടന കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല.
പദാർഥഘടനയുടെ ഗണിതമാതൃക തയ്യാറാകുന്നതോടെ ഇന്നത്തെ സിമന്റിനുപകരം ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഭാവിയിൽ ജൈവ സിമന്റ് ഉത്പാദനം വികസിച്ചേക്കുമെന്ന് പ്രൊഫ. സുരൈഷ്കുമാറും ഡോ. നീരവ് ഭട്ടും പറഞ്ഞു.