ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റർ 2. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസങ്ങൾ പിന്നിടുമ്പോൾ 1000 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. സൽമാൻ ഖാൻ ചിത്രം ഭജ്രംഗി ഭായ്ജാന്റെ റെക്കോഡാണ് കെ.ജി.എഫ് തകർത്തത്. 100 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ നാലാമത് എത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആർ.ആർ.ആർ. ആണ് കെ.ജി.എഫിന് മുൻപ് ഈ വർഷം ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചത്. 1115 കോടിയാണ് ആർആർ ഇതുവരെ നേടിയത്. ഇനി കെജിഎഫിന് മുന്നിലുള്ളത് ആർ.ആർ.ആർ., ബാഹുബലി 2, ദംഗൽ എന്നീ ചിത്രങ്ങളാണ്.
കെ.ജി.എഫ്. ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടൺ, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ വേഷമിടുന്നു.