മുപ്പത്തിനാല് വർഷങ്ങൾക്കുള്ളിൽ അഞ്ച് സിനിമകൾ, ഒരേ നായകൻ ഒരേ സംവിധായകൻ ഒരേ തിരക്കഥാകൃത്ത്. മലയാള സിനിമയുടേതെന്നല്ല ലോക സിനിമയുടെ ചരിത്രമെടുത്താൽ ഇത്തരമൊരു പ്രതിഭാസം വളരെ അപൂർവ്വമായിരിക്കും. അതുകൊണ്ടു തന്നെ സിബിഐ; ദ ബ്രെയ്ൻ റിലീസിനെത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 1988 ലാണ് ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പോലീസ് കഥകൾ കണ്ടു ശീലിച്ച മലയാളി പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു സിബിഐ കുറ്റാമ്പേഷണം. തൊട്ടടുത്ത വർഷം ജാഗ്രത കൂടി ഇറങ്ങിയതോടെ സേതുരാമയ്യർ മലയാളികളുടെ സിബിഐ മുഖമായി മാറി. അവിശ്വസനീയമായിരുന്നു ഈ യാത്രയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി പറയുന്നു. അഞ്ച് വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സിബിഐ5; ദ ബ്രെയ്ൻ പൂർത്തിയാക്കിയതെന്ന് എസ്.എൻ സ്വാമി കൂട്ടിച്ചേർത്തു.
കുറ്റാന്വേഷണ കഥകളോട് എനിക്ക് താൽപര്യം എല്ലാകാലത്തുമുണ്ടായിരുന്നു. സി.ബി.ഐ.യുടെ ആദ്യഭാഗം ഒരുക്കിയ സമയത്ത് ഇതിന് ഇത്രയുമേറെ തുടർച്ചയുണ്ടാകുമെന്ന് കരുതിയിരുന്നില്ല. സി.ബി.ഐ. ആദ്യഭാഗം പോലീസ് കഥയായാണ് ഒരുക്കിയത്. എന്നാൽ മമ്മൂട്ടിയാണ് പോലീസ് വേണ്ട, സി.ബി.ഐ. മതി എന്ന് പറഞ്ഞത്. പോലീസ് കഥകൾ പ്രമേയമാക്കി ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ സി.ബി.ഐ. കഥാപാത്രം ഒരു വലിയ പുതുമയായിരുന്നു. സേതുരാമയ്യർ എന്ന കഥാപാത്രം മലയാളികളുടെ സി.ബി.ഐ. സങ്കൽപ്പത്തിന്റെ മുഖമായി മാറിയിരിക്കുന്നു.
കെ.മധുവും ഞാനുമായുള്ള കൂട്ടുകെട്ട് വർഷങ്ങൾ പിന്നിടുന്നു. എനിക്ക് ഏറ്റവും നന്നായി ജോലി ചെയ്യാൻ സാധിക്കുന്ന സംവിധായകനാണ് കെ. മധു. ഒരു തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള രസതന്ത്രം വർക്കൗട്ട് ആയില്ലെങ്കിൽ സിനിമ നന്നാകില്ല. കെ.മധുവിന്റെ പരിചയസമ്പത്തും പരിജ്ഞാനവുമെല്ലാം കഥാപാത്ര നിർമിതിയെ മറ്റൊരു തലത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
തീർച്ചയായും, കുറ്റാന്വേഷണം എന്നൊന്നും ഇല്ല. സിനിമ ചെയ്യുന്നവർ ആരാണെങ്കിലും കാലഘട്ടത്തിന് അനുസരിച്ച് സ്വയം പരിഷ്കരിക്കാൻ തയ്യാറാകണം. സിബിഐ 5 നേക്കാൾ മോഡേണായ ഒരു സിനിമ വേറെ ആർക്കും എഴുതാൻ സാധിക്കുകയില്ല (ചിരിക്കുന്നു). സിബിഐ സീരീസിൽ ജാഗ്രതയായിരുന്നു ഏറ്റവും കൂടുതൽ ട്വിസ്റ്റുകളുള്ള ചിത്രം. അതിനേക്കാൾ ട്വിസ്റ്റുകളുള്ള സിനിമയായിരിക്കും സിബിഐ ദ ബ്രെയിൻ. അഞ്ചാറുവർഷം കൊണ്ടാണ് ഈ സിനിമ എഴുതി തീർത്തത്. ഇന്നത്തെ കാലത്ത് സിനിമയിലെ ലോജിക്കിനെ ഇഴകീറി പരിശോധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. ലോജിക്കലായി മികച്ചു നിന്നില്ലെങ്കിൽ കുറ്റാന്വേഷണ കഥ ഏൽക്കില്ല. എന്റെ കഥയിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്. അതാണ് എനിക്ക് ഇപ്പോൾ വയ്ക്കാൻ സാധിക്കുന്ന ഏക സ്റ്റേറ്റ്മെന്റ്. സിബിഐ 5 ദ ബ്രെയിൻ മികച്ച അനുഭവമായിരിക്കും.