പെൻഷൻ പഴയപടിയാകും; പങ്കാളിത്തപെൻഷൻ ഒഴിവാക്കാൻ വിവിധ സംസ്ഥാനങ്ങൾ

0
299

ന്യൂഡൽഹി: പങ്കാളിത്തപെൻഷൻ ഒഴിവാക്കി പഴയ പെൻഷൻപദ്ധതിയിലേക്കുമടങ്ങാൻ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.

പഴയ പെൻഷൻപദ്ധതി നടപ്പാക്കാൻ രാജസ്ഥാൻ സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കി. ഛത്തീസ്ഗഢ് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും.

തമിഴ്നാട്, ഝാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റുസംസ്ഥാനങ്ങൾ. അതേസമയം, പെൻഷൻ പരിശോധനാസമിതി റിപ്പോർട്ടുസമർപ്പിച്ചിട്ടും ഇതുവരെയും കേരള സർക്കാർ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് പറഞ്ഞു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം തുക പെൻഷനായി ലഭിക്കുന്നതാണ് പഴയ പദ്ധതിയുടെ സവിശേഷത.

ഇതിന്റെ ചുവടുപിടിച്ചാണ് ഛത്തീസ്ഗഢ് സർക്കാരിന്റെ നീക്കം. നടപ്പുസാമ്പത്തികവർഷംതന്നെ പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുള്ള നിർദേശം. തമിഴ്നാട്, പഞ്ചാബ്, ഝാർഖണ്ഡ് സംസ്ഥാന സർക്കാരുകളാവട്ടെ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങാനുള്ള ആവശ്യം പരിശോധിക്കാനായി പ്രത്യേകസമിതികളും രൂപവത്കരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here