ന്യൂഡൽഹി • ഭരണ നിർവഹണത്തിലെ ‘മോഡലുകൾ’ പറഞ്ഞാണു പാർട്ടികളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളും തമ്മിൽ ഏറ്റുമുട്ടൽ. ഡൽഹിയിലെ വിദ്യാഭ്യാസ മോഡൽ പഠിക്കാൻ കേരളത്തിൽനിന്നു സംഘമെത്തി എന്ന് ആം ആദ്മി പാർട്ടി എംഎൽഎ ആദിഷി പറഞ്ഞതിനെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഡാഷ്ബോർഡ് മോഡൽ പഠിക്കാൻ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്കു പോയത്.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന കാലത്ത്, 2013 ലാണ് ‘ഗുജറാത്ത് മോഡൽ’ അവതരിപ്പിക്കപ്പെട്ടത്. ജനജീവതവുമായി ബന്ധമില്ലാത്തതാണ് വികസനകാര്യത്തിൽ ഗുജറാത്ത് മോഡലെന്നു പിന്നീടു വിമർശനമുണ്ടായി. ഇപ്പോഴിതാ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഭരണനിർവഹണത്തിൽ വീണ്ടും ഗുജറാത്ത് മോഡൽ ചർച്ചയാകുന്നു. കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതിലും ഭരണത്തിലും യോഗിഭരണം മോഡലെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു.