ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ സഹായകമായ ജൈവ രാസസംയുക്തങ്ങൾ ഭൂമിയിലെത്തിയത് അഗാധ ബഹിരാകാശത്തിൽ നിന്നെന്ന് ജപ്പാനിലെ ഹൊക്കെയ്ദോ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനം. ഭൂമിയിൽ പതിച്ച മൂന്ന് കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഉൽക്കകളിൽ ന്യൂക്ലിയോബേസുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഗവേഷണഫലങ്ങൾ നേച്വർ കമ്യൂണിക്കേഷൻസ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.
ഡിഎൻഎയുടെ പ്രശസ്തമായ ഇരട്ടപിരിയൻ കോവണി ഘടനയ്ക്കു കാരണമായ നൈട്രജൻ അടങ്ങിയ രാസസംയുക്തങ്ങളാണു ന്യൂക്ലിയോബേസുകൾ. ഡിഎൻഎ നിർമിതമായിരിക്കുന്നത് അഡനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ, തുടങ്ങിയ ന്യൂക്ലിയർ ബേസുകളാലാണ്. ഇതിൽ പലതും ഉൽക്കയിൽ നിന്നു കണ്ടെത്തി.
1950ൽ യുഎസ് സംസ്ഥാനം കെന്റക്കിയിലെ മറേയിൽ വീണ ഉൽക്ക, 1969ൽ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മർച്ചസൺ പട്ടണത്തിൽ വീണ മറ്റൊരു ഉൽക്ക, 2000ൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ടാഗിഷ് തടാകത്തിനു സമീപം വീണ വേറൊരു ഉൽക്ക എന്നിവയാണ് ശാസ്ത്രജ്ഞർ പരിശോധനയ്ക്കു വിധേയമാക്കിയത്. കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഈ ഉൽക്കകളെല്ലാം തന്നെ സൗരയൂഥത്തിന്റെ തുടക്കകാലത്തുള്ള പാറ നിറഞ്ഞവയാണ്.
ഉൽക്ക, ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ തുടങ്ങിയ ബഹിരാകാശ വസ്തുക്കളിലേതെങ്കിലുമാകാം ഭൂമിയിൽ ജീവനെത്തിച്ചതെന്ന സിദ്ധാന്തം പണ്ടേയുള്ളതാണ്. ഇതിനു ബലം പകരുന്നതാണ് പുതിയ ഗവേഷണമെന്നു ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ സങ്കീർണമായ ജീവൻ എങ്ങനെ ഭൂമിയിൽ ഉദ്ഭവിച്ചു എന്നതു സംബന്ധിച്ച് സമഗ്രമായ ഉത്തരം നൽകാൻ ഈ ഗവേഷണത്തിന് ആകില്ലെന്ന് നാസ ഗൊഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഡാനി ഗ്ലാവിൻ പറഞ്ഞു. ഹൊക്കെയ്ദോ സർവകലാശാലയിലെ ഗവേഷകർക്കൊപ്പം ഗ്ലാവിനും ഗവേഷണത്തിൽ പങ്കാളിയായിരുന്നു. ജീവൻ എങ്ങനെ ഉണ്ടായെന്ന് പൂർണമായി പറയാൻ സാധിക്കില്ലെങ്കിലും ജീവൻ ഉദ്ഭവിക്കുന്നതിനു മുൻപ് ഭൂമിയിലുണ്ടായിരുന്ന പ്രീബയോട്ടിക് അവസ്ഥയെപ്പറ്റി വിവരങ്ങൾ തരാൻ പഠനം ഉപകരിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.