അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിനും കരുതലിനും പരിധികളില്ല. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവരെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ ത്യജിക്കാൻ അമ്മമാർ തയാറാകും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നദി മറികടക്കാനെത്തിയ മാൻ കുഞ്ഞിനെ മുതലയുടെ പിടിയിൽ നിന്നും രക്ഷിക്കുന്ന അമ്മ മാനിന്റെ ദൃശ്യമാണിത്.
നദി നീന്തിക്കടക്കുന്ന മാൻകുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ മുതല പാഞ്ഞെത്തുന്നത് ദൃശ്യത്തിൽ കാണാം. ഇതു കണ്ട മാൻകുഞ്ഞിന്റെ അമ്മ അതിവേഗം നീന്തിയെത്തി സ്വയം മുതലയുടെ ഇരയാവുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ ത്യജിച്ച അമ്മ മാനിന്റെ സ്നേഹത്തെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളേറെയും.
‘ഈ അമ്മയുടെ സ്നേഹത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും വർണിക്കാൻ വാക്കുകളില്ല, സ്വന്തം ജീവൻ ത്യജിച്ചാണ് അമ്മ കുഞ്ഞിനെ മുതലയുടെ പിടിയിൽ നിന്നും രക്ഷിച്ചത്. മറുകരയിലെത്തിയ മാൻകുഞ്ഞ് ഭയന്നുവിറച്ച് അമ്മയെ നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഒരിക്കലും നമ്മൾ കുടുംബത്തെയും മാതാപിതാക്കളെ അവഗണിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ സോനാൽ ഗോയൽ ആണ് ദൃശ്യം പങ്കുവച്ചത്. ഏപ്രിൽ 6 ന് പങ്കുവച്ച വിഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.