ന്യൂഡൽഹി: രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സൈസ് തീരുവ കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് തീരുവ കുറയ്ക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ധന വില വർധനവിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നവംബറിൽ നികുതി കുറയ്ക്കാൻ തയ്യാറിട്ടില്ലെന്നും അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
‘കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഞാൻ ആരെയും വിമർശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും വില ഉയർന്നുതന്നെ നിൽക്കുകയാണ്. ഈ സംസ്ഥാനങ്ങൾ അവിടുത്തെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണിത്. അയൽ സംസ്ഥാനങ്ങളേയും ഇത് ബാധിക്കും. താൻ ആരേയും വിമർശിക്കുകയല്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കർണാടക നികുതി കുറച്ചില്ലായിരുന്നെങ്കിൽ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവർക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതൽ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഫെഡറിലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അത്തരം മനോഭാവത്തോടെയാണ് രാജ്യം കോവിഡിനെ നേരിട്ടത്. നിലവിലുള്ള ‘യുദ്ധസമാന സാഹചര്യം’ പോലുള്ള ആഗോള പ്രശ്നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണം, മോദി പറഞ്ഞു.