ന്യൂഡൽഹി • സമൂഹമാധ്യമമായ ട്വിറ്റർ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് സ്വന്തമാക്കുന്നു. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ. ഏപ്രിൽ ഒന്നിന് ട്വിറ്ററിന്റെ ഓഹരി വാങ്ങിയവർക്ക് 26 ദിവസം കൊണ്ട് 38 ശതമാനം ലാഭം ലഭിക്കും. മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. അർധരാത്രിയായിരുന്നു പ്രഖ്യാപനം.