പ്രേംനസീറിൻറെ ചിറയിൻകീഴിലെ വീട് വിൽക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നിത്യഹരിത നായകൻറെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആവശ്യം.
ചിറയൻകീഴ്: പ്രേംനസീറിൻറെ ചിറയിൻകീഴിലെ വീട് വിൽക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നിത്യഹരിത നായകൻറെ വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആവശ്യം. വീട് അവകാശമായി കിട്ടിയ പ്രേം നസീറിൻറെ ചെറുമകളാണ് ചിറയിൻകീഴിലെ ലൈല കോട്ടേജ് വിൽക്കാനൊരുങ്ങുന്നത്.
പ്രേം നസീര്‍ വിടപറഞ്ഞിട്ട് 30 വര്‍ഷം. അദ്ദേഹത്തിന്‍റെ പേരിലുള്ള വീട് മാത്രമാണ് ചിറയിൻകീഴുകാര്‍ക്ക് അദ്ദേഹത്തെ ഓര്‍ക്കാനുള്ള ഏകയിടം. വീടിനടുത്ത് പ്രേംനസീര്‍ സ്മാരകം നിര്‍മ്മിക്കുന്നുണ്ടെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടത് വശമാണ് പ്രേംനസീറിന്‍റെ ലൈല കോട്ടേജ്. 1956 നസീർ മകൾ ലൈലയുടെ പേരിൽ പണികഴിപ്പിച്ചതാണീ വീട്. പ്രംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയ്ക്കാണ് വീട് അവകാശമായി കിട്ടിയത്.50 സെന്‍റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം അമേരിക്കയിലുള്ള അവര്‍ വില്‍ക്കാൻ ഒരുങ്ങുകയാണ്.
ചിറയിൻകീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണീ വീട്. ഇരുനിലയിൽ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നിൽക്കുന്ന വീടിനും വസ്തുവിനും കോടികൾ വിലവരും. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി. വീട് സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല. ഇപ്പോള്‍ വില്‍ക്കാൻ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് വിലയ്ക്ക് വാങ്ങി സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിറയികീഴ് എംഎല്‍എ വി ശശി വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ നിവേദനവും നല്‍കിയിരുന്നു..