അഹമ്മദാബാദ്; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഇന്നത്തെ ദിവസം മുഴുവൻ ഗുജറാത്തിൽ ചിലവഴിക്കുന്ന ജോൺസൺ വൈകുന്നേരം അത്താഴത്തിന് ശേഷം ഡൽഹിയിലേക്ക് തിരിക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സ്വതന്ത്ര വ്യാപാരം, ഊർജ മേഖല, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാനാണ് ജോൺസന്റെ സന്ദർശനം. ഈ സന്ദർശനം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഇത് നീട്ടി വെക്കുകയായിരുന്നു.
ഇത് ആദ്യമായാണ് ജോൺസൺ ഗുജറാത്ത് സന്ദർശിക്കാനെത്തുന്നത്. അഹമ്മദാബാദിലെ ഹയാത്ത് റീജൻസി ഹോട്ടലിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ താമസം. ഹോട്ടലിലെ ടോപ്പ് സ്യൂട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജോൺസന്റെ മുറി പൂർണമായും ബുള്ളറ്റ് പ്രൂഫ് ആയിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. പിഎം ജോൺസണൊപ്പം മറ്റ് നിരവധി പ്രതിനിധികളും എത്തുന്നുണ്ട്. സംസ്ഥാനത്തെ ചരിത്രപരമായ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹം സന്ദർശിക്കും. രാവിലെ 8.05ന് ഇദ്ദേഹം അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഗംഭീര വരവേൽപ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രാവിലെ തന്നെ ഇദ്ദേഹം അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിക്കും. ശേഷം അദാനി ഗ്രൂപ്പ് ചെയർപേഴ്സൺ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇവിടെ നിന്ന് ഹെലികോപ്റ്റർ മാർ ഗം വഡോദരയിലെ ജെസിബി പ്ലാന്റിലേക്ക് പോകും. പിന്നീട് നേരെ ഗാന്ധി നഗറിലേക്കും അദ്ദേഹം പോകും. ഇവിടുത്തെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയും. ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയും സന്ദർശിക്കും. ഇവിടെ 200 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ശേഷം ഗാന്ധിനഗറിലെ അക്ഷരധാം ക്ഷേത്രം സന്ദർശിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം ജോൺസൺ അഹമ്മദാബാദിലെ ഹോട്ടലിലേക്ക് മടങ്ങും, അത്താഴത്തിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് പോകും. റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
റഷ്യയെ പരസ്യമായി കുറ്റപ്പെടുത്തുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. ഇവർ യുക്രൈന് സൈനീക സഹായവും നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ജോൺസൺ തന്നെ യുക്രൈൻ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധത്തിൽ ഇതുവരെ നിഷ്പക്ഷ നിലപാട് ആണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യയെ കുറ്റപ്പെടുത്തുന്ന നിരവധി വോട്ടെടുപ്പുകളിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. നയതന്ത്ര പരിഹാരങ്ങളാണ് യുദ്ധം അവസാനിപ്പിക്കാൻ നല്ലത് എന്നാണ് ഇന്ത്യയുടെ പക്ഷം.