ഇന്ത്യ ഏഷ്യ കപ്പ് ടി20 സെമിയില്‍

0
53

ശ്രീലങ്കയില്‍ നടന്നുവരുന്ന വനിതാ ഏഷ്യ കപ്പ് ടി20 2024 (Womens Asia Cup T20, 2024) ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍. മൂന്നാം ഗ്രൂപ്പ് മല്‍സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. നേപ്പാളിന്റെ മറുപടി 20 ഓവറില്‍ ഒമ്പതിന് 96 എന്ന നിലയില്‍ അവസാനിച്ചു.

48 പന്തില്‍ 81 റണ്‍സ് നേടിയ ഷഫാലി വര്‍മ (Shafali Verma) യാണ് ഇന്ത്യയുടെ വിജയശില്‍പി.ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മല്‍സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ എ ഗ്രൂപ്പില്‍ നിന്ന് അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യ മാച്ചില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനും രണ്ടാം മല്‍സരത്തില്‍ യുഎഇയെ 78 റണ്‍സിനും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം നേടിയാണ് ഇന്ത്യയുടെ മുന്നേറ്റം.

പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമി യോഗ്യത നേടിയ രണ്ടാമത്തെ ടീം. പാകിസ്താന് നാലും നേപ്പാളിന് രണ്ടും പോയിന്റ് ലഭിച്ചപ്പോള്‍ യുഎഇ മൂന്ന് മല്‍സരങ്ങളിലും പരാജയപ്പെട്ട് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്്. നേപ്പാളും യുഎഇയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപണര്‍മാരായ ഷഫാലി വര്‍മയും ഹേമതലയും ഒന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

വെടിക്കെട്ട് ബാറ്റിങുമായി ഷഫാലിയാണ് കൂടുതല്‍ തിളങ്ങിയത്. 48 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 81 റണ്‍സ് അടിച്ചുകൂട്ടി. ഹേമലത 42 പന്തില്‍ 47 റണ്‍സുമായി പുറത്തായി. എസ് സജനയുടെ (10) വിക്കറ്റാണ് ഇന്ത്യക്ക് മൂന്നാമതായി നഷ്ടമായത്. ജെമിമ റോഡ്രിഗസ് 15 പന്തില്‍ 28 റണ്‍സുമായി പുറത്താവാതെ നിന്നു.മറുപടി ബാറ്റിങിനിറങ്ങിയ നേപ്പാളിന് മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. 18 റണ്‍സെടുത്ത സീത റാണ മഗര്‍, 17* റണ്‍സുമായി ബിന്ദു റാവല്‍ എന്നിവരാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍മാര്‍. 93 റണ്‍സ് നേടുമ്പോഴേക്കും ഒമ്പത് വിക്കറ്റുകള്‍ കൊഴിഞ്ഞിരുന്നു.

നാല് ഓവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും മൂന്ന് ഓവറില്‍ 12 റണ്‍സിന് രണ്ടു വിക്കറ്റുമായി രാധാ യാദവും ഇന്ത്യയുടെ വിജയം അനായാസമാക്കി. അരുദ്ധതി റെഡ്ഡി നാല് ഓവറില്‍ 28ന് രണ്ട് വിക്കറ്റ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here