കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് വിചാരണവേളയിൽ അട്ടിമറിക്കാൻ രഹസ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്. അന്വേഷണ സംഘത്തലവനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് ഡിജിപിക്ക് രഹസ്യ റിപ്പോർട്ട് നൽകിയത്. കേസ് അട്ടിമറിക്കാൻ ചേർന്ന യോഗത്തിൽ ചില സർക്കാർ അഭിഭാഷകർ പങ്കെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിനെതിരെ ചില അഭിഭാഷകരുടെ നേതൃത്വത്തിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസിൽ പ്രതി ചേർത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയതും അഭിഭാഷകരെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ട്. കേസിൽ പ്രതിയാകുമെന്നു കരുതിയവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിലുള്ള ചിലരുടെ നിരാശയും ഇതിന് പിന്നിലുണ്ട്. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളുടെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഈ നീക്കം. ആയതിനാൽ വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
പൊലീസ് അന്വേഷണത്തിൽ റോയ് തോമസിന്റെ ചില ബന്ധുക്കൾക്ക് അതൃപ്തിയുണ്ട്. ഇവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നുംസൂചനയുണ്ട്. ഇതിനു പിന്നാലെയാണു കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത്.