വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈറ്റ് അനുമതി നിഷേധിച്ചു; യാത്രക്കാർ പ്രതിസന്ധിയിൽ

0
74

കുവൈറ്റ്: വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് കുവൈത്തിന്റെ നടപടി. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവതാളത്തിലായി.

വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ലാൻഡിംഗ് അനുമതി നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അപ്രതീക്ഷിതമായി സർവീസ് മുടങ്ങിയത് നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

വന്ദേഭാരത് നാലാംഘട്ടത്തിൽ സ്വകാര്യ എയർ ലൈൻസുകളായ ഗോ എയറും ഇൻഡിഗോ എയർലൈൻസുമാണ് കുവൈത്തിൽ നിന്നും സർവീസ് നടത്തുന്നത്. കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്ക് മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് അനുമതി നിഷേധിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്. അനുമതിക്കായി ഉന്നതതലത്തിൽ ചർച്ച നടക്കുന്നതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽനിന്നു 101 സർവീസുകളാണ് വന്ദേഭാരത് നാലാംഘട്ട ഷെഡ്യൂളിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here