ന്യൂഡൽഹി: 2023 ഡിസംബറോടെ ഇന്ത്യക്കാർക്ക് ചൈനയോ നേപ്പാളോ വഴി പോകാതെ കൈലാസ് മാനസസരോവർ സന്ദർശിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ നിന്ന് നേരെ മാനസരോവറിലേക്ക് പോകാവുന്ന ഒരു റൂട്ട് രൂപപ്പെടുത്തുകയാണെന്ന് റോഡ് / ഹൈവേ മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് വഴിയുള്ള റോഡ് സമയം കുറയ്ക്കുക മാത്രമല്ല, നിലവിലെ അപായകരമായ ട്രെക്കിംഗിൽ നിന്ന് വ്യത്യസ്തമായി സുഗമമായ യാത്ര നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ വിമാനങ്ങളും ഹെലികോപ്റ്റർ ആംബുലൻസുകളും ഇറക്കാൻ കഴിയുന്ന 28 ഹൈവേകൾ തന്റെ വകുപ്പ് നിർമിക്കുന്നുണ്ടെന്ന് മന്ത്രി പാർലമെന്റിനെ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ ഡൽഹിക്കും ശ്രീനഗറിനും ഇടയിലുള്ള യാത്ര വെറും എട്ട് മണിക്കൂറായി കുറയ്ക്കും. റോഡ് / ഹൈവേ മന്ത്രാലയം 650 വഴിയോര സൗകര്യങ്ങളോടെ ഹൈവേകൾ സജ്ജീകരിക്കും.