കോവിഷീല്‍ഡ് വാക്സിനെടുത്ത എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത സാഹചര്യം നിലനിന്നിരുന്നു.
ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരുടെ യാത്രയ്ക്ക് എട്ട് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഓസ്ട്രിയ, ജർമനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലൻഡ്, സ്‌പെയിൻ തുടങ്ങി ഒൻപത് രാജ്യങ്ങൾ കോവിഷീൽഡ് വാക്സിനെടുത്തവരുടെ യാത്ര അനുവദിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കോവിഷീൽഡിനെ സ്വിറ്റ്സർലൻഡ് ഷെൻഗൻ രാജ്യമായി സ്വീകരിക്കുന്നതായും ഇന്ത്യൻ സർക്കാർ അംഗീകരിച്ച എല്ലാ വാക്സിനുകളെടുത്തവരുടെ യാത്ര അംഗീകരിക്കുമെന്ന് എസ്തോണിയ സ്ഥിരീകരിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
കോവിഷീല്‍ഡ് വാക്സിനെടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതേത്തുടർന്ന്, കോവിഷീൽഡ്, കോവാക്സിൻ എന്നിവ എടുത്തവർക്ക് യാത്രാനുമതി നൽകണമെന്ന് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് സ്വീകരിക്കപ്പെട്ടില്ലെങ്കിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഒൻപത് രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകിയത്.
അതിനിടെ, തങ്ങളുടെ കോവിഡ് വാക്സിനായ സൈകോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഇന്ത്യൻ മരുന്ന് കമ്പനിയായ സൈഡസ് കാഡിലെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി.
രാജ്യത്ത് ഏറ്റവും ഒടുവിലായി 48,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61,588 പേർ രോഗമുക്തരായി. 5.23 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ ഒരു ഇടവേളയ്ക്ക് ശേഷം ആയിരം കടന്നു. ഇന്നലെ 1,005 പേരാണ് കോവിഡ് മൂലം മരിച്ചത്. മൊത്തം മരണസംഖ്യ 3.99 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 33.57 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്.
രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. പതിനായിരത്തില്‍ അധികമാണ് പ്രതിധിന കേസുകളുടെ എണ്ണം. ഇന്നലെ 13,568 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍ കേരളത്തിലും, മഹാരാഷ്ട്രയിലും മാത്രമാണുള്ളത്.
രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിരുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ട്. ഇരു സംസ്ഥാനങ്ങളിലും പുതിയ രോഗികളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. ആന്ധ്ര പ്രദേശിലും സമാനമാണ് കോവിഡ് സ്ഥിതിഗതികള്‍.