കഥകളിക്കായി സ്വയം ജീവിതം സമര്‍പ്പിച്ച ആചാര്യൻ എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. കേരളത്തിൻറെ ഈ കഥകളി മുത്തശ്ശന് ആദരാഞ്ജലികൾ.
കോഴിക്കോട്: കഴിഞ്ഞ എട്ടു പതിറ്റാണ്ടോളം കേരളത്തിൻറെ കഥകളി പ്രതിഭയായി തിളങ്ങിയ ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. 105 വയസ്സുണ്ടായിരുന്ന ഇദ്ദേഹം പുലർച്ചെ നാലു മണിയോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിൽ വച്ചാണ് അന്തരിച്ചത്. കഥകളി ആചാര്യൻ ആയിരുന്ന അദ്ദേഹം ഭരതനാട്യം, കേരളനടനം എന്നീ കലാ രൂപങ്ങളിലും പ്രാവീണ്യം നേടിയിരുന്നു.
പതിനഞ്ചു വയസുമുതൽ കഥകളി രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം, കലാമണ്ഡല പുരസ്കാരം, ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥകളിയിലെ തെക്ക്, വടക്ക് സമ്പ്രദായങ്ങളെയും, ഭരതനാട്യത്തിലെ മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റെ സ്വന്തം ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
1916 ജൂൺ 26ൽ മടൻകണ്ടി ചാത്തുക്കുട്ടി നായരുടെയും, അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ജനിച്ചു. പതിനഞ്ചാം വയസിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം’ നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം തന്റെ പ്രതിഭ തെളിയിച്ചു.
ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. അരങ്ങില്‍ പകര്‍ന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങള്‍ ആസ്വാദകര്‍ക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമാണ് വിടവാങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പെർഫോമിംഗ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം. സിനിമാതാരങ്ങളുൾപ്പെടെ നൂറു കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് കേരളത്തിൻറെ ഈ കഥകളി മുത്തശ്ശൻ. 2013 ലാണ് ആദ്യമായി ഗുരു സിനിമയിൽ അഭിനയിച്ചത് . പി. കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത “മുഖം മൂടികൾ” എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.
1977ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തുകൊല്ലം കേരള സർക്കാർ നടനഭൂഷണം എക്സാമിനറായും മൂന്നുവർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും, രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനം അനുഷ്ഠിച്ചു.