രണ്ടു ദിവസങ്ങള്‍; ദുരിതാശ്വാസ നിധിയിയില്‍ നിന്ന് അനുവദിച്ചത് 2.18 കോടി രൂപ

0
83

സാന്ത്വന സ്പര്‍ശം അദാലത്തില്‍ 253 റേഷന്‍ കാര്‍ഡുകള്‍ നല്‍കി

കോട്ടയം: ജില്ലയില്‍ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു.

രണ്ടാം ദിവസമായ ഇന്നലെ(ഫെബ്രുവരി 16)നെടുംകുന്നം സെന്റ് ജോണ്‍സ് ഹാളില്‍ നടന്ന ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അദാലത്തുകളില്‍ 1,00,70,500 രൂപയാണ് അപേക്ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ആദ്യ ദിവസം മീനച്ചില്‍, കോട്ടയം താലൂക്കുകളില്‍നിന്നുള്ള അപേക്ഷകളില്‍ 1,18,05,000 രൂപ അനുവദിച്ചിരുന്നു.

നാലു താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 397 അപേക്ഷകളില്‍ 253 കാര്‍ഡുകള്‍ അനുവദിച്ചു.

ഇന്നലത്തെ അദാലത്തിന് മന്ത്രമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും നേതൃത്വം നല്‍കി. ജില്ലയിലെ അദാലത്തിന്റെ ഏകോപനച്ചുമതലയുള്ള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും ജില്ലാ കളക്ടര്‍ എം. അഞ്ജനയും പങ്കെടുത്തു. ചങ്ങനാശേരി താലൂക്കിലെ അപേക്ഷകളാണ് രാവിലെ പരിഗണിച്ചത്.

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി നടത്തിയ പരിപാടിയില്‍ അപേക്ഷകര്‍ അധിക സമയം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ശാരീരിക പരിമിതികള്‍ ഉള്ളവരെ സദസിലെത്തി നേരില്‍ കണ്ടാണ് മന്ത്രിമാര്‍ പരാതി പരിഹാരത്തിന് നടപടി സ്വീകരിച്ചത്.

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിനായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഏറെക്കാലമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുവരെ പരിഹാരം കാണാന്‍ അദാലത്തുകള്‍ ഉപകരിക്കുന്നുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വിലയിരുത്തി.

സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം ആശ ഏബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കോട്ടയം ജില്ലയിലെ അവസാനത്തെ അദാലത്ത് നാളെ(ഫെബ്രുവരി 18) വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഈ അദാലത്തില്‍ പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here