ഒരു നല്ല ഓർമ്മ ശക്തി വളർത്തിയെടുക്കുന്നതിന് ഏകാഗ്രത വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് ഏകാഗ്രത എന്ന് പറയുന്നത്. പക്ഷെ ഒരു കാര്യത്തിൽ എങ്ങനെയാണ് ഏകാഗ്രത പുലർത്തേണ്ടതെന്നാണ് നാം അഭിമുഘീകരിക്കുന്ന പ്രശ്നം. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത്തിന്റെ കാരണം മനസ്സ് ഒന്നിൽ നിന്നും മറ്റൊരു കാര്യത്തിലേക്ക് അലഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ്.
ഇത്രമാത്രം അലയുന്ന മനസ്സുള്ളപ്പോൾ പഠിച്ച കാര്യം പോലും ഓർമ്മിക്കാൻ പ്രയാസമാണ്. അതിനാൽ ഇന്ന് ഏകാഗ്രത വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഏകാഗ്രത മെച്ചപ്പെടുത്താൻ താഴെപ്പറയുന്ന ചില വഴികൾ ശ്രമിക്കാം
1. പഠനത്തിന് അനുകൂലമായ ശരിയായൊരു സ്ഥലം തിരഞ്ഞെടുക്കുക. നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്താണെന്ന് കണ്ടെത്തുക. പഠന സ്ഥലം ക്രമീകരിക്കുക.
2. ചില ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഉദരത്തിൽ നിന്ന് ആഴത്തിലും, സാവധാനത്തിലും കുറെ പ്രാവശ്യം ശ്വാസമെടുക്കുക. ഇത് മസ്തിഷ്ക കോശങ്ങളിലേക്ക് പ്രാണവായുവിന്റെ പ്രവേശനം വർധിപ്പിക്കുന്നു.
3. ആവശ്യത്തിന് വെള്ളം കുടിക്കുക. മിതമായ രീതിയിൽ, സന്തുലിതമായ ആഹാരം കഴിക്കുക. ആഹാരം കഴിക്കാതിരുന്നാൽ ശരീര ക്ഷീണം ഉണ്ടാക്കും. ചോക്ലേറ്റ്, മിട്ടായി, സോഡാ,കോഫി എന്നിവ ഒഴിവാക്കുക. മൽസ്യം, പച്ചക്കറി, ധാന്യങ്ങൾ തുടങ്ങി മസ്തിഷ്കത്തെ സഹായിക്കുന്ന ആഹാര പദാർത്ഥങ്ങൾ കഴിക്കാൻ ശ്രമിക്കുക.
4. പുതിയ വിഷയങ്ങൾ പഠിക്കുമ്പോൾ ഒരു ടൈമർ സെറ്റ് ചെയ്ത് ഒരു നിശ്ചിത സമയം നീക്കി വയ്ക്കുക. വായനയ്ക്ക് 10 മിനിറ്റ്, കാണാതെ കൊല്ലുന്നതിന് 10 മിനിറ്റ്. ഇങ്ങനെ സമയം സെറ്റ് ചെയ്താൽ ഏകാഗ്രത സ്വാഭാവികമായി ഉണ്ടാകും.
5. നിശ്ശബ്ദതയിലിരുന്നുള്ള ധ്യാനം ഏകാഗ്രത മെച്ചപ്പെടുത്താൻ നല്ലതാണ്. രാവിലെ 5 മിനിട്ടും, വൈകിട്ട് 5 മിനിറ്റും ദിവസവും ധ്യാനിക്കുക.
6. ശരിയായ ഉറക്കം ശീലിക്കുക. ഇത് ശരിയായ ഏകാഗ്രതയിലേക്ക് നിങ്ങളെ നയിക്കും. പഠിക്കാനിരിക്കുമ്പോൾ, ടെലിവിഷൻ, റേഡിയോ എന്നിവ പ്രവർത്തിപ്പിക്കരുത്.
7. ഏകാഗ്രതയും, ഓർമ്മശക്തിയും വർധിപ്പിക്കുന്നതിന് പദപ്രശ്നങ്ങൾക്ക് കഴിയും. ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളരും.
8. നിങ്ങളുടെ ആഹാരത്തിൽ ഏത്തപ്പഴം, മുട്ട, പഴവർഗ്ഗങ്ങൾ, ഇലക്കറികൾ, എന്നിവ ഉൾപ്പെടുത്തുക.
വ്യായാമവും, ഓർമ്മ ശക്തിയും
ശരിയായ വ്യായാമം ഓർമ്മശക്തി മെച്ചപ്പെടുത്തുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മറ്റ് ശാരീരിക അവയവം പോലെ ഒന്നാണ് നമ്മുടെ മസ്തിഷ്‌കം. ദിവസേനയുള്ള വ്യായാമം മസ്തിഷ്കത്തിലേക്കുള്ള പ്രാണവായുവിൻറെ പ്രവാഹത്തെയും, രക്ത സഞ്ചാരത്തെയും സഹായിക്കും.
മസ്തിഷ്കത്തിന് ആവശ്യമായ പ്രാണവായു ലഭിക്കാതെ വരുമ്പോൾ, ഏകാഗ്രതയുടെ കഴിവിനെ തടസ്സപ്പെടുത്തും. ശരീരക്ഷമതാ വിദഗ്ദ്ധനായ റോബർട്ട് സ്വീറ്റിഗേൾ പറയുന്നത്, വ്യായാമം മസ്തിഷ്കത്തിലേക്കുള്ള പ്രാണവായുവിനെ എത്തിക്കുമെന്നാണ്. കേവലം 15 മിനിറ്റ് ദിവസവും നടക്കുന്നതും, ചെറിയ വേഗത്തിലുള്ള ജോഗിങ് പോലും നല്ല ഏകാഗ്രത ഉണ്ടാക്കും.
ഏറ്റവും നല്ല വ്യായാമങ്ങളിൽ ചിലത് ; ഒരേ സ്ഥലത്തു നിന്നുള്ള നടത്തം, നൃത്തം ചെയ്യൽ, കുതിച്ചു ചാടൽ, ജോഗിങ്, സൈക്ലിംഗ് തുടങ്ങിയവ. വ്യായാമത്തിന്റെ മറ്റൊരു ഗുണം ഇത് മസ്തിഷകത്തെ എൻഡോർഫിനുകൾ (സ്വാഭാവിക ഹോർമോൺ) ഉല്പാദിപ്പിക്കാൻ സഹായിക്കുമെന്നതാണ്. ഈ സ്വാഭാവിക ഹോർമോണുകൾ സന്തോഷത്തിന്റെ പ്രതീതി ഉണ്ടാക്കും.
യോഗയും, ധ്യാനവും ഏകാഗ്രതയെ സ്വാധീനിക്കും
ധ്യാനവും, ഓർമ്മശക്തിയും തമ്മിൽ ഗാഢമായ ഒരു ബന്ധമാണുള്ളത്. സ്ഥിരമായ ധ്യാനം നിങ്ങളുടെ മസ്തിഷ്കത്തിന്റെ ഘനം വർധിപ്പിക്കുന്നു. എന്തെങ്കിലുമൊരു സംഗതിയിൽ ദീർഘ നേരം ശ്രദ്ധ കൊടുക്കാൻ ധ്യാനം നിങ്ങളെ പ്രാപ്തരാക്കുന്നു, ഇത് നിങ്ങളുടെ ഏകാഗ്രതയെ മൂർച്ചയുള്ളതാക്കുകയും, ഓർമ്മ ശക്തിയെ ഉദ്ധീപിപ്പിക്കുകയും ചെയ്യുന്നു.
യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങി നിരവധി മാര്ഗങ്ങള് മനസ്സിന് ശാന്തി നൽകുവാൻ ഫലപ്രദമാണ്. നിങ്ങളുടെ ആകാംക്ഷ വർധിക്കുമ്പോൾ, ഹൃദയമിടിപ്പും, രക്തസമ്മർദ്ദവും വർധിക്കും. ഇവിടെയാണ് ധ്യാനത്തിന്റെ പ്രാധാന്യം. നിങ്ങളുടെ ശ്രദ്ധ മാറിപ്പോകാതെ സാവധാനം തിരികെ കൊണ്ടുവരാൻ നിരന്തര ധ്യാനവും, യോഗയും സഹായിക്കും. മാത്രമല്ല രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.