ഉത്തർപ്രദേശ് : എണ്ണമറ്റ പോരാട്ടങ്ങളെ മറികടന്ന് മാന്യ സിംഗ് പ്രശസ്ത ഫെമിന മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിന്റെ റണ്ണർ അപ്പ് കിരീടം നേടി. ഫെബ്രുവരി 9 രാത്രി വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 നടത്തിയ സൗന്ദര്യമത്സരത്തിൽ മന്യ സിങ്ങിനെ മിസ്സ് ഇന്ത്യ 2020 റണ്ണറപ്പായി പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിൽ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവർ ഓംപ്രകാശ് സിങ്ങിന്റെ മകളാണ് മിസ് ഇന്ത്യ റണ്ണർഅപ്പ് 2020. സൗന്ദര്യ മത്സരത്തിലേക്കുള്ള മാന്യയുടെ കടന്നു വരവ്, സാധാരണ കുടുംബത്തിലെ ഇന്നത്തെ യുവ തലമുറക്ക് ഏറെ പ്രചോദനം നൽകുന്നു. സ്വന്തം സ്വപ്നങ്ങളോട് പ്രതിജ്ഞാബദ്ധരാണെങ്കിൽ ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്ന് ലോകത്തിനു മുന്നിൽ കാണിക്കുകയും, കുടുംബത്തെ ഉയർത്തുകയും ചെയ്യുക എന്നതാണ് മാന്യ അഭിപ്രായപ്പെടുന്നത്.
അവൾ പകൽ പഠിക്കുകയും, വൈകുന്നേരം ഹോട്ടലിൽ പാത്രം കഴുകുകയും, രാത്രി ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയും ചെയ്തു. കുശിനഗറിൽ ജനിച്ച മന്യ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇങ്ങനെ എഴുതി – ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടിയിട്ടുണ്ട്. വണ്ടിക്കൂലി ലാഭിക്കാൻ താൻ കിലോമീറ്ററുകളോളം നടന്നു. എന്റെ രക്തവും, വിയർപ്പും, കണ്ണീരും, എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യമായി മാറി. കൈയ്യൊപ്പില്ലാത്ത പുസ്തകങ്ങൾക്കും, വസ്ത്രങ്ങൾക്കുമായി അവൾ കൊതിച്ചിരുന്നു, പക്ഷേ ഭാഗ്യം ഒരിക്കലും തനിക്ക് അനുകൂലമായിരുന്നില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയായിട്ടാണ് അമ്മയെ കരുതുന്നത്. അമ്മയിൽ നിന്നും കഠിനാധ്വാനം ചെയ്യാനുള്ള ഗുണങ്ങൾ താൻ പഠിച്ചിട്ടുണ്ടെന്ന് മന്യ പറഞ്ഞു.
ഉറക്കമില്ലാത്ത നിരവധി രാത്രികൾക്കും, വർഷങ്ങളുടെ കഠിനാധ്വാനത്തിനും ശേഷം ഈ വിജയം കൂടുതൽ മധുര്യം നൽകുന്നു. വിജയത്തിലേക്കുള്ള വഴിയിൽ താൻ നേരിട്ട പോരാട്ടങ്ങളെക്കുറിച്ച് മന്യ അഭിമാനത്തോടെ തുറന്ന് പങ്കു വയ്ക്കുന്നു.
ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും, അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്, അവർ പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണുകയും, അതിനായി ആത്മാർത്ഥമായി പരിശ്രമിക്കാനും തയ്യാറായാൽ നമ്മെ ആർക്കും തടയാനാവില്ലെന്നും മന്യ കുറിച്ചു.
ഫെബ്രുവരി 10 ന് ഫെമിന മിസ്സ് ഇന്ത്യ വേൾഡ് 2020 വിജയിയായി മനസ വാരണാസി തിരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറാണ് മനസ വാരണാസി. 2020 ലെ മിസ്സ് ഗ്രാൻഡ് ഇന്ത്യ കിരീടം മണിക ഷിയോകന്ദ് നേടി. ഇതിനപ്പുറം എൽസിസി ഫെമിന മിസ് ഇന്ത്യ 2020 യുടെ ഫലങ്ങൾ റണ്ണർ അപ്പ് മന്യ സിങ്ങിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു.