മുൻ ഡിജിപി ജേക്കബ് തോമസ്, ജെ പി നഡ്ഡയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
തൃശ്ശൂർ: മുൻ ഡിജിപി ജേക്കബ് തോമസ്, ബിജെപിയിൽ ചേർന്ന് അംഗത്വം സ്വീകരിച്ചു. കേരള സന്ദർശനത്തിനെത്തിയ ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ, തൃശ്ശൂരിൽ നടന്ന ബിജെപി സമ്മേളനത്തിനിടയിലാണ് അംഗത്വം സ്വീകരിച്ചത്. തേക്കിൻ കാട് മൈതാനത്തിൽ ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസ്ഥാന നേതാക്കളടക്കമുള്ളവരും പങ്കെടുത്തിരുന്നു. ജെപി നഡ്ഡ ഷോൾ അണിയിച്ചാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ജേക്കബ് തോമസ്, ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ചതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. എന്നാൽ ഏത് മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയെന്നത് തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് ജേക്കബ് തോമസും പ്രതികരിച്ചിരുന്നു.