ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. 2019 ലാണ് ബിജെപിയിൽ ചേർന്നത്.
ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും, അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു.