ട്രംപിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ ; ബൈഡന്റെ സത്യ പ്രതിജ്ഞയ്ക്ക് പോകില്ലെന്ന് ട്രംപ്

0
96

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി നിരോധിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഉപയോഗം അനുവദിക്കാന്‍ സാധിക്കാത്ത തരത്തില്‍ അപകടകാരിയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് വ്യക്തമാക്കിയാണ് ട്വിറ്ററിന്റെ ഈ നടപടി. ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സൂക്ഷമായി പരിശോധിച്ചതിന് ശേഷം കൂടുതല്‍ അക്രമ സംഭവങ്ങള്‍ക്ക് ട്രംപിന്റെ ട്വീറ്റുകള്‍ പ്രേരണയാകുന്നത് തടയുന്നതിന് വേണ്ടിയാണ് അക്കൗണ്ട് നിരോധിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

അതേസമയം ജനുവരി 20 ന് നടക്കുന്ന നിയുക്ത പ്രെസിഡെന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. “ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20 ന് നടക്കുന്ന ഉൽഘടന ചടങ്ങിൽ ഞാൻ പോകില്ല.” എന്നായിരുന്നു ട്രാമിന്റെ അവസാന ട്വീറ്റ്. ഇതിന് പിന്നാലെ അക്കൗണ്ട് നിരോധിച്ചു.

ട്വിറ്റര്‍ നിരോധനം ലഭിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. തന്നെ നിശബ്ദനാക്കാനുളള ശ്രമം ആണ് നടക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിരന്തരമായി തടയുകയാണ് ട്വിറ്റര്‍ ചെയ്യുന്നത് എന്ന് ട്രംപ് കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷവുമായും ഡെമോക്രാറ്റുകളുമായും ട്വിറ്റര്‍ ജീവനക്കാര്‍ കൈ കോര്‍ത്തിരിക്കുകയാണെന്നും അവര്‍ തന്റെ അക്കൗണ്ട് നീക്കം ചെയ്യുക വഴി തന്നെയും തനിക്ക് വോട്ട് ചെയ്ത 75,000,000 പേരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് എന്നും ട്രംപ് ആരോപിച്ചു.

ട്രംപിന്റെ ടീമിന്റെ അക്കൗണ്ടായ ടീം ട്രംപും ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്രംപ് ട്വിറ്ററില്‍ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയും തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കാതെ തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും അടക്കം ക്രമക്കേടുകള്‍ ആരോപിച്ച് ട്രംപ് നിരവധി ട്വീറ്റുകള്‍ ചെയ്യുകയുണ്ടായി. ഇവയില്‍ പലതും ട്വിറ്റര്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ട്വിറ്ററിലെ നിരോധനം മറികടക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടിട്ടില്ല. പോട്ടസ് അക്കൗണ്ട് വഴിയാണ് ട്വിറ്ററിനെതിരെ ട്രംപ് രംഗത്ത് എത്തിയത്. എന്നാല്‍ ഈ ട്വീറ്റുകളും വേഗത്തില്‍ നീക്കം ചെയ്യപ്പെട്ടു. യുഎസ് ക്യാപിറ്റോളിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. നിരോധനം എന്നന്നേക്കുമാകാം എന്ന് ട്വിറ്റര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തന്റെ അനുയായികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്നതും അടക്കമുളള ട്വീറ്റുകളാണ് അവസാനമായി ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here