മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ ദുരന്തം. തീപ്പിടുത്തത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. 7 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്കുളള കെയര്‍ യൂണിറ്റിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത് എന്ന് സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാദേ അറിയിച്ചു.
ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയില്‍ പ്രായുമുളള നവജാത ശിശുക്കള്‍ ആണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. പതിനേഴ് കുഞ്ഞുങ്ങളാണ് നവജാത ശിശുക്കള്‍ക്കുളള കെയര്‍ യൂണിറ്റിലുണ്ടായിരുന്നത്. പുലര്‍ച്ചയോടെ കുട്ടികളുടെ വിഭാഗത്തിന് സമീപത്ത് നിന്ന് പുക വരുന്നത് ആദ്യം ഒരു നഴ്‌സിന്റെ ശ്രദ്ധയിലാണ് പെട്ടത്. തുടര്‍ന്ന് നഴ്‌സ് ഡോക്ടര്‍മാരെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു.
5 മിനുറ്റിനുളളില്‍ തന്നെ അഗ്നിശമന വിഭാഗം അടക്കം സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അതിനകം തന്നെ പത്ത് കുഞ്ഞുങ്ങള്‍ ദുരന്തത്തിന് ഇരയായിരുന്നു. 7 പേരെ മാത്രമാണ് സുരക്ഷാ ജീവനക്കാര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചത്. നാല് നിലക്കെട്ടിടമായ ആശുപത്രിയില്‍ തീപിടുത്തമുണ്ടാകാനുളള കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
മുംബൈയില്‍ നിന്നും 900 കിലോ മീറ്റര്‍ അകലെയാണ് ദുരന്തം നടന്ന ആശുപത്രി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ജില്ലാ കളക്ടറില്‍ നിന്നും സൂപ്രണ്ട് ഓഫ് പോലീസില്‍ നിന്നും മന്ത്രി വിവരങ്ങള്‍ തേടി. സംഭവത്തെ കുറിച്ച് ഭണ്ഡാര ജില്ലാ ഭരണകൂടം സര്‍ക്കാരിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.