ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ വീണ്ടും ദേശീയ തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രി ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ ഫെബ്രുവരി പകുതി വരെയാണെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ബ്രിട്ടണിലെ 56 ദശലക്ഷം ജനങ്ങളാണ് വീണ്ടും ലോക്ക് ഡൗണിലേക്ക് മടങ്ങുന്നത്. ഇതോടെ, പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ അടയ്ക്കുന്ന നടപടികള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരും. ഏകദേശം 44 ദശലക്ഷം ആളുകള്‍ അല്ലെങ്കില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ഇതിനകം തന്നെ കടുത്ത നിയന്ത്രണത്തിലാണ് ജീവിക്കുന്നത്.
തിങ്കളാ്ച 27,000 ഓളം പേര്‍ കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സംഭവിച്ച കൊവിഡ് വ്യാപനത്തേക്കാള്‍ 40 ശതമാനം അധികമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളില്‍ 80,000 പേരാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ ലോക്ക്ഡൗണ്‍ സമയത്തിന് സമാനമാണ് പുതിയ നടപടികളെന്നും അദ്ദേഹം അറിയിച്ചു. അവശ്യ സര്‍വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാതെ ബാക്കി എല്ലാം അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്