തെലങ്കാനയിൽ ചരിത്രം കുറിച്ച് രണ്ട് ട്രാൻസ്ജെൻഡർ ഡോക്ടർമാർ സർക്കാർ സർവീസിലേക്ക്.

0
63

തെലങ്കാനയിൽ ചരിത്രം കുറിച്ച് രണ്ട് ട്രാൻസ്ജെൻഡർ ഡോക്ടർമാർ സർക്കാർ സർവീസിലേക്ക്. പ്രാചി റാത്തോഡ്, റൂത്ത് ജോൺ പോൾ എന്നിവരാണ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒസ്‍മാനിയ ജനറൽ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർമാരായി സേവനമാരംഭിച്ചിരിക്കുന്നത്.

ന്യൂസ് ഏജൻസിയായ എഎൻഐ -യോട് സംസാരിക്കവേ ഡോ. റൂത്ത് ജോൺ തനിക്ക് സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ ഓർത്തെടുത്തു. “എന്റെ കുട്ടിക്കാലം മുതൽ ഞാൻ ഒരുപാട് അനുഭവിച്ചു. ഒരു ഡോക്ടറാകണമെന്ന സ്വപ്നം എന്നെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചു. സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം ഒരുപാട് അപമാനങ്ങൾ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും, ഞാനെന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. സൂപ്രണ്ടിനോടും അധ്യാപകരോടും ഞാൻ നന്ദി പറയുന്നു എന്നെ ഇവിടെ വരെ എത്താൻ സഹായിച്ചത് അവരുടെ പിന്തുണയാണ്“ എന്ന് റൂത്ത് പറഞ്ഞു.

“പഠനകാലം വളരെ കഠിനമായിരുന്നു. ഒരുപാട് അധ്വാനിച്ചാണ് ഇവിടെ എത്തിയത്. എല്ലാ അപവാദങ്ങളെയും അവ​ഗണിച്ച് ഞാൻ എന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ചു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ളവരും എന്നെ ഒരുപാട് സഹായിച്ചു. ഒസ്മാനിയ വരെ എത്താനും അവർ സഹായിച്ചു“ എന്നും റൂത്ത് പറഞ്ഞു.

അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ റൂത്തിനെ പഠനത്തിൽ സഹായിച്ചത് സഹോദരനാണ്. അതിന് ശേഷം ട്രാൻസ്ജെൻഡർമാർക്ക് വേണ്ടി ഒരു എൻജിഒ നടത്തുന്ന ക്ലിനിക്കിൽ പാർട്ട് ടൈം ഡോക്ടറായി പ്രവർത്തിച്ചു. ഒസ്മാനിയയിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം സഹപ്രവർത്തകരിൽ നിന്നോ രോ​ഗികളിൽ നിന്നോ ഒന്നും മോശമായ പെരുമാറ്റമോ മാറ്റിനിർത്തലുകളോ ഉണ്ടായിട്ടില്ല എന്നും അവർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here