കോവിഷീൽഡ്, കോവാക്സീൻ അനുമതി ; ഈ ആഴ്ച ലഭ്യമാക്കാൻ നടപടികൾ തുടങ്ങി

0
85

ന്യൂഡൽഹി ; കോവിഷീൽഡ്, കോവാക്സീൻ എന്നീ കോവിഡ് വാക്സീനുകൾക്ക് അനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് ഔദ്യോഗിക അംഗീകാരം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) തീരുമാനം പ്രഖ്യാപിച്ചതോടെ രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം തുടങ്ങാനുള്ള വഴി പൂർണമായും തെളിഞ്ഞു

ഈ ആഴ്ച തന്നെ വാക്സീൻ വിതരണം തുടങ്ങാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. ആദ്യം വിതരണം ചെയ്യുന്ന ‘കോവിഷീൽഡ്’ ലഭ്യമാക്കേണ്ട പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പൂർണ സജ്ജമാണെന്നു സർക്കാരിനെ അറിയിച്ചു. മുൻഗണന തീരുമാനിച്ചു സംസ്ഥാനങ്ങൾക്കു വാക്സീൻ കൈമാറുകയാണ് ഇനിയുള്ള പ്രധാന നടപടി. ഇത് ഇന്നോ നാളെയോ ആരംഭിക്കും.

അടിയന്തര സാഹചര്യം പരിഗണിച്ചുള്ള ‘എമർജൻസി ഓതറൈസേഷൻ’ ആണ് ഇരു വാക്സീനുകൾക്കും നൽകിയതെങ്കിലും ഉപയോഗത്തിനുള്ള ഉപാധികളിൽ കാര്യമായ വ്യത്യാസമുണ്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് ആയിരിക്കും തുടക്കത്തിൽ വ്യാപകമായി ഉപയോഗിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന്, ട്രയലിന്റെ തുടർച്ച എന്ന രീതിയിലുള്ള അനുമതിയാണു നൽകിയത്.

കുത്തിവയ്പ് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെയും വിദഗ്ധരുടെയും നിലപാട്. ബുധനാഴ്ച തുടങ്ങുംവിധമുള്ള തയാറെടുപ്പുകളും നടത്തി. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം നിർണായകമാകും. ശുഭകാര്യങ്ങൾ തുടങ്ങുന്നതു മകരസംക്രാന്തിക്കു ശേഷം മതിയെന്നു ചിലർക്ക് അഭിപ്രായമുണ്ട്. ഈ മാസം 14നാണു മകരസാംക്രാന്തി. ഇതിനോട് അനുബന്ധിച്ചാകും ഉത്തർപ്രദേശിൽ വാക്സീൻ ലഭ്യമാവുകയെന്നു മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

അഭിമാനം, അഭിനന്ദനം

‘കോവിഡ് പ്രതിരോധ പോരാട്ടത്തിനു കരുത്തേകുന്ന നിർണായക വഴിത്തിരിവ്. കഠിനാധ്വാനം ചെയ്ത ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അഭിനന്ദനങ്ങൾ
നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി . ഇന്ത്യയിൽ നിർമിക്കുന്ന 2 വാക്സീനുകൾക്ക് അംഗീകാരം നേടിയതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ആത്മനിർഭ‌ർ ഭാരത് എന്ന സ്വപ്നം സഫലമാക്കാനുള്ള ശാസ്ത്രജ്ഞരുടെ അഭിനിവേശമാണ് ഇതിൽ തെളിയുന്നത്. പ്രതികൂല സാഹചര്യത്തിലും ഒട്ടേറെ ജീവൻ രക്ഷിച്ച കോവിഡ് മുന്നണിപ്പോരാളികളോടു രാജ്യം കടപ്പെട്ടിരിക്കുന്നു’

LEAVE A REPLY

Please enter your comment!
Please enter your name here