T20 World Cup 2024 : ഇന്ത്യന്‍ ടീം ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു

0
58

2022ലെ കഴിഞ്ഞ ടി20 ലോകകപ്പിനേറ്റ നാണക്കേടിനു പകരം വീട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി രോഹിത് ശര്‍മയും സംഘവും ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തു. 68 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ഇനി ഇന്ത്യക്കും കപ്പിനുമിടയില്‍ സൗത്താഫ്രിക്ക മാത്രമേയുള്ളൂ. ശനിയാഴ്ചയാണ് ടി20 ലോകകപ്പിലെ പുതിയ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുമെന്നു കരുതപ്പെട്ട സെമിയില്‍ ഇടയ്ക്കു മഴ അല്‍പ്പം വില്ലനായതൊഴിച്ചാല്‍ ഇംഗ്ലണ്ടിനെ തീര്‍ക്കാന്‍ കാലാവസ്ഥയും ഇന്ത്യക്കു അവസരമൊരുക്കുകയായിരുന്നു. ബാറ്റിങ് അത്രം എളുപ്പമല്ലാതിരുന്ന പിച്ചില്‍ 172 റണ്‍സെന്ന വെല്ലുവിളുര്‍ത്തുന്ന ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ വെറും 103 റണ്‍സിനു കൂടാരം കയറി.

പവപ്ലേയില്‍ തന്നെ 35 റണ്‍സിനിടെ മൂന്നു വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ ഇന്ത്യ പൂട്ടിയിരുന്നു. 11 ഓവറായപ്പോഴേക്കും അവര്‍ ആറിനു 68 റണ്‍സിലേക്കു കൂപ്പുകുത്തി. പിന്നീടൊരു തിരിച്ചുവരവ് ഇംഗ്ലണ്ടിനു അസാധ്യമായിരുന്നു. ഹാരി ബ്രൂക്ക് (25), നായകന്‍ ജോസ് ബട്‌ലര്‍ (23), വാലറ്റത്ത് ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

രണ്ടു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറ മികച്ച പിന്തുണ നല്‍കുകയും ചെയ്്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് നേടിയത്. തുടരെ രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് രോഹിത് (57) ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറി. 39 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

സൂര്യകുമാര്‍ യാദവാണ് (47) നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍. 36 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും സ്‌കൈയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ രോഹിത്- സൂര്യ സഖ്യം ചേര്‍ന്നെടുത്ത 73 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. ഹാര്‍ദിക് പാണ്ഡ്യ (13 ബോളില്‍ 23), രവീന്ദ്ര ജഡേജ (9 ബോളില്‍ 17*) എന്നിവരുടെ ഫിനിഷിങും ഇന്ത്യന്‍ ടോട്ടല്‍ 170 കടത്തി.

ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു കുതിച്ചത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയിച്ചപ്പോള്‍ അവസാന കളി പിച്ചിലെ ഈര്‍പ്പം കാരണംം ടോസ് പോലുില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. അയര്‍ലാന്‍ഡ്, പാകിസ്താന്‍, അമേരിക്ക എന്നിവര്‍ക്കെതിരായ ജയമാണ് ഇന്ത്യയെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാക്കിയത്. സൂപ്പര്‍ എട്ടിലും ഇന്ത്യ അപരാജിത കുതിപ്പ് തുടര്‍ന്നു.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ കെട്ടുകെട്ടിച്ച് ഇന്ത്യ സെമിയിലേക്കും യോഗ്യത നേടുകയായിരുന്നു. മറുഭാഗത്തു ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയക്കു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ കടന്നത്. സ്‌കോട്ട്‌ലാന്‍ഡുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഓസ്ട്രലിയയോടു അവര്‍ 36 റണ്‍സിനും തോറ്റു. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒമാന്‍, നമീബിയ എന്നിവരെ വലിയ മാര്‍ജിനില്‍ തകര്‍ത്ത് ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here