സായുധസംഘം വിമാനത്താവളത്തില്‍ നിന്ന് 266 കോടി കവരാന്‍ ശ്രമിച്ചു; വെടിവെയ്പ്പില്‍ രണ്ട് മരണം

0
57

ഹോളിവുഡ് സിനിമകളെ പോലും അതിശയിപ്പിക്കുന്ന ഒരു കവര്‍ച്ചാ ശ്രമത്തിനിടെ ചിലിയിലെ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വച്ച് രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കൊള്ളസംഘത്തിലെ ആളും മറ്റേയാള്‍ സുരക്ഷാ ഉദ്യാഗസ്ഥനുമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ചിലിയിലെ വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചയാണ് സംഭവം വെളിച്ചെത്ത് കൊണ്ടുവന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിലിയിലെ ഏറ്റവും വലിയ വിമാനത്താവളമായ സാന്‍റിയാഗോയിലെ അർതുറോ മെറിനോ ബെനിറ്റസ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം. എയര്‍പോര്‍ട്ടില്‍ വച്ച് ലാറ്റം എയര്‍ലൈന്‍സിന്‍റെ വിമാനത്തിന് താഴെ നിന്ന് ചിലിയിലെ ഡിജിഎസി ഏവിയേഷന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും കൊള്ളക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഏതാണ്ട് 12 ഓളം ആയുധാധാരികള്‍ വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടക്കുകയും കവര്‍ച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിമാനത്തില്‍ നിന്ന്  32.5 മില്യൺ ഡോളർ (266 കോടിയിലേറെ രൂപ) കറന്‍സി, ആയുധാധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുള്ള ട്രക്കിലേക്ക് മാറ്റുന്നതിനിടെയായിരുന്നു കവര്‍ച്ചാ സംഘം അക്രമണം നടത്തിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ 10 ഓളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം മൂന്ന് വാഹനങ്ങളിലായി വന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ കെട്ടിയിട്ട ശേഷം വിമാനത്താവളത്തിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ കൃത്യമായ പദ്ധതികളോടെ എല്ലാ മുന്‍കരുതലുമെടുത്ത ശേഷമാണ് അക്രമണം നടത്തിയതെന്നും ചിലിയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മാനുവൽ മൊൺസാൽവ് സാന്‍റിയാഗോയിലെ ലാ മൊനെഡ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

എന്നാല്‍ അക്രമി സംഘത്തിന്‍റെ കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.  മിയാമിയിൽ നിന്ന് വിമാനത്തിൽ എത്തിയ 32.5 മില്യൺ ഡോളർ സുരക്ഷിതമായി മാറ്റുന്നതിനിടെയായിരുന്നു അക്രമണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അക്രമണത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ കവര്‍ച്ചെക്കെത്തിയ സംഘം വളരെ ഉയര്‍ന്ന പ്രഹരശേഷിയുള്ള ആയുധങ്ങളുമായാണ് വിമാനത്താവളത്തില്‍ എത്തിയതെന്നും ഡിജിഎസി ജനറൽ ഡയറക്ടർ റൗൾ ജോർക്വറ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ചിലിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ ഉയര്‍ന്നതാണ്. രാജ്യത്ത് വിപുലമായ രീതിയില്‍ ട്രെയിനുകളും തുറമുഖത്ത് കപ്പലുകളും കൊള്ളയടിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് വിമാനത്താവളത്തിലെ കവര്‍ച്ചാ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here