ഉദയ്പൂര്‍ സ്വദേശിയായ സൊനാല്‍ ശര്‍മ, പാല്‍വില്‍പനക്കാരനായ തന്റെ അച്ഛന് നല്‍കിയ ഏറ്റവും വലിയ സമ്മാനമായാണ് തന്റെ ഈ വിജയത്തെ കാണുന്നത്.
കഠിനാധ്വാനം ചെയ്യാന്‍ മനസ്സുണ്ടെങ്കില്‍ ഏതു സ്വപ്‌നവും സാക്ഷാത്കരിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഇരുപത്തിയാറുകാരിയായ സൊനാല്‍ ശര്‍മ. ഉദയ്പൂര്‍ സ്വദേശിയായ സൊനാല്‍ കഷ്ടപ്പാടുകളെ വകവെക്കാതെ പഠനത്തിൽ മുന്നേറി ഇന്ന് രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ജഡ്ജിയാവാന്‍ ഒരുങ്ങുകയാണ്. പാല്‍വില്‍പനക്കാരനായ അച്ഛന് നല്‍കിയ ഏറ്റവും വലിയ സമ്മാനമായാണ് തന്റെ ആദ്യശ്രമത്തിലെ ഈ വിജയത്തെ സൊനാല്‍ കാണുന്നത്.
2018ല്‍ നടന്ന രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയാണ് സൊനാലിന് ഈ വിജയം നേടിക്കൊടുത്തത്.
സൊനാല്‍, ബി.എ, എല്‍.എല്‍.ബി, എല്‍.എല്‍.എം പരീക്ഷകളില്‍ ഉന്നജത വിജയം കരസ്ഥമാക്കിയതിന്, സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട് . ഒരുവര്‍ഷത്തെ പരിശീലനത്തിനു ശേഷം രാജസ്ഥാന്‍ സെഷന്‍സ് കോര്‍ട്ടില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയാണ് നിയമനം ലഭിക്കുക.
ക്ഷീരകര്‍ഷകനായ ഖ്യാലി ലാല്‍ ശര്‍മയുടെ നാലുമക്കളില്‍ രണ്ടാമത്തെ ആളാണ് സൊനാല്‍. ചിട്ടയായ പഠനത്തിനൊപ്പം പശുപരിപാലനത്തില്‍ അച്ഛനെ സഹായിക്കാനും മകള്‍ മുന്നിലായിരുന്നു. . പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കുന്ന സൊനാല്‍, അച്ഛനൊപ്പം പശുക്കളെ കറക്കാനും, തൊഴുത്ത് വൃത്തിയാക്കാനും, പാല്‍ വിതരണം ചെയ്യാനുമൊക്കെ സജീവമായിരുന്നു. . തൊഴുത്തിന്റെ വശത്തായി എണ്ണപാത്രങ്ങള്‍ കമിഴ്ത്തി വച്ചാണ് പഠനമേശ ഒരുക്കിയിരുന്നത്. പണ്ടെല്ലാം സ്‌കൂളില്‍ പോകുമ്പോള്‍ ചാണകം മണക്കുന്ന ചെരുപ്പുകളോര്‍ത്ത് ലജ്ജ തോന്നിയിരുന്നെന്നും, എന്നാല്‍ ഇന്ന് ഒരു ക്ഷീരകര്‍ഷകന്റെ മകള്‍ ആണെന്നതില്‍ അഭിമാനിക്കുന്നുവെന്നും സൊനാല്‍.
പരിശീലനമോ, പ്രത്യേക ട്യൂഷനുകളോ, ഒന്നുമില്ലാതെയാണ് സൊനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള പണം ഇല്ലാത്തതുമൂലം നേരത്തേ കോളേജിലെത്തി ലൈബ്രറിയിലിരുന്നാണ് വായിച്ചിരുന്നത്. തന്റെ പഠനത്തിനു വേണ്ടി അച്ഛന്‍ പലയിടങ്ങളില്‍ നിന്ന് വായ്പയും മറ്റും വാങ്ങിയിരുന്നെന്നും, ഇനി അവര്‍ക്ക് സുരക്ഷിത ജീവിതം നല്‍കാൻ, തനിക്കാവുമെന്ന ആശ്വാസത്തിലാണ് താനെന്നും സൊനാല്‍ പറയുന്നു.
2019ല്‍ ആര്‍ജെഎസ് പരീക്ഷയുടെ ഫലം പുറത്തുവന്നിരുന്നെങ്കിലും സൊനാല്‍ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഏഴ് ഉദ്യോഗാര്‍ഥികള്‍, ഇതുവരെയും ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ സൊനാല്‍ തന്നെ സെപ്തംബറില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവില്‍ പ്രവേശിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്നത്.
Content Highlights: Rajasthan milkman’s daughter is set to become a judge.