സ്ട്രെസ്സും ടെന്‍ഷനും കൂടുമ്പോള്‍ മുടികൊഴിച്ചില്‍ കൂടും
ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടി കനം കുറഞ്ഞ് കൊഴിഞ്ഞുപോകുന്നത. സ്ട്രെസ്സും ടെൻഷനും കൂടുമ്പോൾ ഈ പ്രശ്നം കൂടും. തലയിൽ എപ്പോഴും ചൊറിയുന്നതും, ചീകുന്നതുമെല്ലാം മുടികൊഴിയാൻ വഴിയൊരുക്കും. ഈ പ്രശ്നങ്ങൾ അകറ്റി മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചില പൊടിക്കൈകൾ പഠിക്കാം. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനാകും. താഴെ പറയുന്ന ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ. തീർച്ചയായും നല്ല ഫലം കാണാം.
കറ്റാർവാഴ ജെൽ
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ നല്ല കട്ടിയോടെ എടുത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇനി നന്നായി മസാജ് ചെയ്യണം. 25 മിനിറ്റിന് ശേഷം വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.
മുട്ടയും ഒലിവ് ഓയിലും
ഒരു ബൗളിൽ ഒരു മുട്ടയും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നല്ലവണ്ണം അടിച്ചുചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുടിയും തലയോട്ടിയും മുഴുവനായി ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകുക.
ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം.
അവക്കാഡോയും നേന്ത്രപ്പഴവും.
ഒരു നേന്ത്രപ്പഴവും ഒരു അവക്കാഡോയും ഒരു ബൗളിൽ എടുത്ത് നന്നായി ചതയ്ക്കുക. ഇത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇനി 30 മിനിറ്റ് കഴിഞ്ഞ് സാധാരണ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യാം.
നെല്ലിക്കയും ലൈംജ്യൂസും
നെല്ലിക്കയും ലൈംജ്യൂസും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇനി ഈ മിശ്രിതം നന്നായി ഉണങ്ങുന്നതുവരെ കാത്തിരിക്കുക. ഇതിനുശേഷം ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.
ഉലുവ അരച്ചത്
അല്പം ഉലുവയെടുത്ത് ഒരു കപ്പ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തുവയ്ക്കുക. രാവിലെ ഇത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഇപ്രകാരം ചെയ്യാം.
Content Highlights: Home remedies to solve hair thinning, Women,Beauty
.