ദില്ലി: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയേയും ക്ഷണിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് റാബ് പറഞ്ഞു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിദഗ്ധ സംഘം വിലയിരുത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം യുകെ പ്രധാനമന്ത്രി ജോണ്‍സണ്‍ സ്വീകരിച്ചുവെന്നും അതൊരു വലിയ അംഗീകാരമാണെന്നും റാബ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 27ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറിസ് ജോണ്‍സണെ ഔദ്യോഗികമായി ക്ഷണിച്ചത്. 28 വര്‍ഷം മുമ്ബ് 1993 ല്‍ ജോണ്‍ മേജറാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി. ബോറിസിന്റെ ജനുവരിയിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വിദേശകാര്യ സെക്രട്ടറി ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് റാബ് ചര്‍ച്ച നടത്തി.