സമരത്തിനിടെ പോലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും, സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തതിനിടയിൽ മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് നേരിട്ടതോടെയാണ് സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് അപ്രതീക്ഷിതമായി.ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ഇത് സംഘര്‍ത്തില്‍ കലാശിക്കുകയായിരുന്നു
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ തിങ്കളാഴ്ച സമരം ആരംഭിച്ചത്. ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം അടക്കമുള്ള, മറ്റ് ആനുകൂല്യങ്ങൾ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടന സമരം നടത്തുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. അപ്രതീക്ഷിതമായി ചൊവ്വാഴ്ച രാവിലെയാണ് പോലീസിന്റെ ഇടപെടല്‍ ഉണ്ടായത് . നഴ്‌സുമാര്‍ പണിമുടക്ക് നടത്തുന്നത് എയിംസിന്റെ കോമ്പൗണ്ടിനകത്താണ്. അനിശ്ചിതകാല സമരമാണ് നഴ്‌സുമാര്‍ പ്രഖ്യാപിച്ചത്. ഒ.പിയുടെ പ്രവര്‍ത്തനവും, ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നേഴ്‌സ്മാര്‍ പണിമുടക്കുന്നത്.
ഏകദേശം 5,000 ത്തോളം നഴ്‌സുമാരാണ് എയിംസില്‍ തൊഴിലെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. നേരത്തെ 16ാം തിയ്യതി സമരം ആരംഭിക്കാനായിരുന്നു നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. എന്നാല്‍ സമരം പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ നഴ്‌സുമാരുടെ സ്ഥിതി ദയനീയമാണ്. കോവിഡ് പ്രതിരോധ രംഗത്ത് ഡോക്ടര്‍മാരോടൊപ്പമല്ല നഴ്‌സുമാരെ പരിഗണിക്കുന്നത് എന്ന പരാതിയും ഇവര്‍ക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് നഴ്‌സുമാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Content Highlight: Delhi AIIMS nurses strike