കെഎസ്ആർടിസി ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനായി തൊഴിലാളി യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി കരാര്‍ ഒപ്പുവയ്ക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, ക്രൂ ചെയ്‍ഞ്ച് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ യൂണിയനുകള്‍ നേരത്തെ ഹൈക്കോടതിയില്‍ പോയ സാഹചര്യത്തിലാണിതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ബസപകടത്തില്‍ ഡ്രൈവര്‍ മരിച്ചതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ജീവനക്കാര്‍ക്ക് എട്ടുമണിക്കൂര്‍ മാത്രം ജോലി ഉറപ്പു വരുത്തുന്ന ക്രൂ ചെയ്ഞ്ച് നടപ്പാക്കുന്നത്. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ആവിഷ്കരിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ക്രൂ ചെയ്ഞ്ചും ഹൈക്കോടതി ഇടപെടലും, യൂണിയനുകളുടെ സമര്‍ദവും കാരണം നേരത്തെ ഉപേക്ഷിച്ചിരുന്നു. ബംഗളൂരു അടക്കമുള്ള പത്ത് ദീര്‍ഘദൂര റൂട്ടുകളില്‍ ഇത് ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണതോതില്‍ നടപ്പാക്കാനായിട്ടില്ല. ജീവനക്കാര്‍ക്ക്ട് എട്ടു മണിക്കൂറാക്കുമ്പോള്‍ എല്ലാദിവസവും ഡ്യൂട്ടിയെടുക്കേണ്ടിവരുമെന്ന കാരണം പറഞ്ഞ് യൂണിയനുകള്‍ വീണ്ടും കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം ബദല്‍മാര്‍ഗം ആലോചിച്ചത്.
ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്, 2013 ലെ ഡ്യൂട്ടി പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ള കരാറാണ് . ഈ മാസം 31ന് വീണ്ടും തൊഴിലാളി യൂണിയനുകളുടെ ഹിത പരിശോധനയുണ്ട്. ഇതില്‍ അംഗീകാരം കിട്ടുന്ന യൂണിയനുകളുമായി ഒപ്പിടുന്ന കരാറിലാണ് ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തുന്നത്.