കാലിഫോർണിയ: ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു വച്ചതിനു ശേഷം ഓൺലൈൻ സൂം ക്ലാസിനിടെ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു. ഈ ദാരുണ സംഭവം നടന്നത് കാലിഫോർണിയയിൽ ആണ്. അദൻ ലിയാനോസ് എന്ന് ആറാം ഗ്രേഡ് വിദ്യാർത്ഥിയാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. നോർത്തേൺ കാലിഫോർണിയ സെൻട്രൽ വാലിയിലെ വുഡ്ബ്രിഡ്ജിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റാണ് വിദ്യാർത്ഥി മരിച്ചത്. വുഡ് ബ്രിഡ്ജ് എലെമെന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അദൻ.
മറ്റൊരു മുറിയിൽ ഓൺലൈൻ ക്ലാസിൽ ആയിരുന്ന അദന്റെ സഹോദരി, വെടിയുതിർക്കുന്ന ശബ്ദം കേട്ട് ഓടിയെത്തുകയും, അയൽക്കാരെയും, അധ്യാപികയെയും വിവരം അറിയിക്കുകയും ചെയ്തു. . പൊലീസ് ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, ഇത്തരത്തിൽ ആത്മഹത്യാ പ്രവണത കുട്ടി മുന്നൊരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കൊറോണ കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കുട്ടികൾ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. ഓൺലൈൻ ക്ലാസുകൾ വഴിയാണ് കുട്ടികളുടെ പഠനം പുരോഗമിക്കുന്നത്. ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം നിരാശയും മാനസിക തകർച്ചയും നേരിടുന്ന നിരവധി കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞെന്ന് വിദ്യാർത്ഥിയുടെ സ്കൂൾ സപ്പോർട്ട് ഡയറക്ടർ പോൾ വാറൻ പറഞ്ഞു.
കൂട്ടുകാരുമായി സംസാരിക്കാനോ കളിക്കാനോ ഒന്നും കഴിയാത്തതിനാൽ വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.