ഒരു വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ 26 ശതമാനം വർധന.

0
67

ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ (cyber crime) 26 ശതമാനം വർധനയുണ്ടാതായി റിപ്പോർട്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഒരു വർഷത്തിനിടെ, ന​ഗരത്തിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 12,615 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, ഓൺലൈൻ തട്ടിപ്പുകളിൽ പെട്ട് ആകെ 470 കോടി രൂപയാണ് ബം​ഗളൂരുവിലുള്ളവർക്ക് നഷ്ടപ്പെട്ടത്.

ബെംഗളൂരുവിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ നഗരത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുകളിൽ 25 ശതമാനം വർധനയുണ്ടായി.. ഓൺലൈൻ വഴിയുള്ള പണമിടപാട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, ജോലി തട്ടിപ്പ് എന്നിവയുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

2017-ൽ, ബം​ഗളൂരുവിൽ രേഖപ്പെടുത്തിയ നിക്ഷേപ തട്ടിപ്പ് കേസുകളുടെ എണ്ണം 1500 ആയിരുന്നു. 2022-ൽ ഇത് 4,252 ആയി ഉയർന്നു. ഇത്തരം 4,235 കേസുകളാണ് ന​ഗരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളും വ്യാജ കോളുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബിസിനസ് അവസരങ്ങൾ, അധിക വരുമാന സ്രോതസുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം വാ​ഗ്ദാനം ചെയ്യുന്നതാണ് നിക്ഷേപ തട്ടിപ്പുകാരുടെ രീതി. ഇതിനായി സൈബർ കുറ്റവാളികൾ ആളുകളെ വശീകരിച്ച് ലക്ഷ്യം നേടുന്നു. ഈ കുറ്റവാളികളുടെ പ്രവർത്തനരീതിയെക്കുറിച്ചും നിങ്ങളുടെ പണം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.

”ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം, ഒരു റാൻഡം കോളോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് മെസേജോ വന്നാൽ, ഇതിൽ പറ‍യുന്ന വിവരങ്ങൾ ആളുകൾ വിശ്വസിക്കരുത്. ഒരോരുത്തരുടെയും വിവേചനാധികാരവും സാമാന്യബുദ്ധിയും ഇവിടെ ഉപയോഗിക്കണം. നിങ്ങളുടെ കോളർ ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നുള്ള ഓരോ കോളും സന്ദേശവും വ്യക്തമായി പരിശോധിക്കണം”, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ”ഇത്തരം തട്ടിപ്പുകാരുടെ ഇരകളാകുന്നവരിൽ ഭൂരിഭാ​ഗവും വിദ്യാഭ്യാസമുള്ളവരും പ്രായമായവരുമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പലരും വിദ്യാസമ്പന്നരായിരിക്കാം, പക്ഷേ വിവേകം ഉണ്ടാകണം എന്നില്ല. അത്യാഗ്രഹം മൂലം ആരും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഇതുപോലുള്ള 80 ശതമാനം കേസുകളും ഇവിടെ നടക്കില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കുറ്റവാളികൾ ഇരകളെ പ്രലോഭിപ്പിച്ച് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നതെന്ന്. സൈബർ ക്രൈം കേസുകൾ ട്രാക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ  പറഞ്ഞു. ”മറ്റൊരു വരുമാന സ്രോതസ് കണ്ടെത്താൻ ശ്രമിക്കുന്ന ആളുകളുണ്ട്. അത്തരക്കാർ ഈ കെണിയിൽ വീഴും. ഈ പ്രവണത കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി കൂടുന്നതായി ഞങ്ങൾ അന്വേഷണത്തിൽ മനസിലാക്കി. സൂക്ഷിക്കുക, ​ജാ​ഗ്രതയോടെ ഇരിക്കുക എന്നതൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം”, അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here