ഏഴരക്കോടിയോളം രൂപയുടെ ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം നേടിയ മഹാരാഷ്ട്രയിലെ അധ്യാപകൻ, സമ്മാനത്തുകയുടെ പകുതി മറ്റ് മത്സരാർഥികൾക്ക് നൽകി.
മഹാരാഷ്ട്രയിലെ, പരിതെവാഡി സ്വദേശി രഞ്ജിസിങ് ഡിസാലെയാണ് പുരസ്ക്കാരത്തിന് അർഹനായത്. പാഠപുസ്തകങ്ങളിൽ ക്യൂആർ കോഡ് ചേർക്കുകയും, എല്ലാ പാഠഭാഗങ്ങളും പ്രാദേശിക ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും, കവിതകൾ ഓഡിയായും പാഠഭാഗങ്ങൾ വീഡിയോയായും ഉൾപ്പെടുത്തി നടത്തിയ വിദ്യാഭ്യാസരംഗത്തെ സമഗ്രമായ ഇടപെടലുകൾക്കാണ് പുരസ്ക്കാരം ലഭിച്ചത്.
ലഭിച്ച പുരസ്ക്കാര തുടകയുടെ പകുതി മറ്റ് ഒമ്പത് മത്സരാർഥികൾക്കായി വീതിച്ചുനൽകിയാണ് രഞ്ജിസിങ് കൈയടി നേടുന്നത്. ഇതനുസരിച്ച് ഗ്ലോബർ ടീച്ചർ പുരസ്ക്കരത്തിനായുള്ള ഫൈനലിസ്റ്റുകളായ മറ്റ് ഒമ്പത് പേർക്ക് 40.57 ലക്ഷം രൂപ വീതം ലഭിക്കും. പുരസ്ക്കാര തുക വീതിച്ചുനൽകിയത്, മാറ്റം കൊണ്ടുവരുന്നതിനുവേണ്ടിയുള്ള അവരുടെ അവിശ്വസനീയമായ പ്രവർത്തനത്തെ മുൻനിർത്തിയാണെന്ന് രഞ്ജി സിങ് പറഞ്ഞു.
“കോവിഡ് -19 മഹാമാരി വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ച, ഈ വിഷമഘട്ടത്തിൽ, ഓരോ വിദ്യാർത്ഥിക്കും അവരുടെ ജന്മാവകാശമായ വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ അധ്യാപകർ പരമാവധി ശ്രമിക്കുന്നു, ”ഡിസാലെ പറഞ്ഞു. ചോക്കുപയോഗിച്ച് വിദ്യാർത്ഥികളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന യഥാർത്ഥ വ്യക്തികളാണ് അധ്യാപകർ. അറിവ് നൽകുന്നതിലും പങ്കിടുന്നതിലുമാണ് അവരുടെ കരുത്ത്, ”അദ്ദേഹം പറഞ്ഞു.
“ നമ്മുടെ അറിവുകൾ മറ്റുള്ളവരുമായി ആൺകിടാൻ കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചു നിന്ന് ഈ ലോകത്തെ മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഡിസേല കൂട്ടിച്ചേർത്തു.
പരിതെവാഡി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ അദ്ധ്യാപനത്തിനായി അദ്ദേഹം ആദ്യമായി എത്തിയപ്പോൾ, കെട്ടിടം ഒരു കന്നുകാലി ഷെഡിനും, ഒരു സ്റ്റോർ റൂമിനും ഇടയിലായിരുന്നു. കുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിക്കാൻ സഹായിക്കുന്നതിന് ഡിസേല കഠിനമായി പരിശ്രമിച്ചു. ഇതിനായി പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.
പ്രൈമറി ക്ലാസ് പുസ്തകങ്ങളിലേക്ക് ക്യുആർ കോഡുകൾ ചേർക്കുന്നത്തിൽ ഡിസേല വിദഗ്ധനാണ് . അതിലൂടെ കുട്ടികൾക്ക് ഓഡിയോ കവിതകൾ, വീഡിയോ പ്രഭാഷണങ്ങൾ, എന്നിവ ലിങ്കുകളായി അസൈൻമെന്റുകളിലേക്കും സെമിനാർ പേപ്പറുകളിലേക്കും ചേർക്കാനാകും. തന്റെ സ്കൂളിന്റെ പാഠപുസ്തകങ്ങളിൽ ക്യുആർ കോഡുകൾ ആദ്യമായി അവതരിപ്പിച്ച ശേഷം ഡിസേല ഇത് സംസ്ഥാന വ്യാപകായി നടപ്പാക്കാൻ മറ്റൊരു നിർദ്ദേശവും സർക്കാരിന് സമർപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ട് 2017 ൽ മഹാരാഷ്ട്ര സർക്കാർ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾക്കായി സംസ്ഥാനത്തുടനീളം ക്യുആർ കോഡ് നടപ്പാക്കാൻ തീരുമാനിച്ചു. അടുത്ത വർഷം, ഇന്ത്യയിലുടനീളമുള്ള എല്ലാ എൻസിആർടി പുസ്തകങ്ങളിലും ക്യുആർ കോഡുകൾ ഉൾപ്പെടുത്തുമെന്ന് എച്ച്ആർഡി മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തു.
വിദ്യാഭ്യാസമേഖലയിൽ മാത്രമായി ഡിസാലെയുടെ പ്രവർത്തനം ഒതുങ്ങുന്നില്ല. ലോകരാജ്യങ്ങളിലെ സംഘർഷമേഖലകളിലുടനീളം ചെറുപ്പക്കാർക്കിടയിൽ സമാധാന സന്ദേശവുമായി അദ്ദേഹം എത്തുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, പലസ്തീൻ, ഇസ്രായേൽ, ഇറാഖ്, ഇറാൻ, യുഎസ്, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരെ ‘ലെറ്റ്സ് ക്രോസ് ദ ബോർഡേഴ്‌സ്’ പദ്ധതിയിലൂടെ അദ്ദേഹം കൂട്ടിയോജിപ്പിക്കുന്നു. ആറ് ആഴ്ചത്തെ ഈ പരിപാടിയിൽ, വിദ്യാർത്ഥികൾ അതിർത്തി കടന്നുള്ള സമാധാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 19,000 വിദ്യാർത്ഥികളെ ഈ പദ്ധതിയിലൂടെ രംഗത്തെത്തിക്കാൻ ഡിസാലെയ്ക്ക് കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല.
ഇതിനുപിന്നാലെയാണ് ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം 2020 ഡിസാലെ സ്വന്തമാക്കുന്നത്. അതിനുപിന്നാലെ വീട്ടിൽ ഒരു സയൻസ് ലാബ് നിർമ്മിക്കുകയും ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്യൂക്കേറ്റർ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സ്കൂളുകളിൽ നിന്നുള്ള വിർച്വൽ ഫീൽഡ് ട്രിപ്പുകളിൽ ഡിസേലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
32 കാരനായ ഈ സർക്കാർ സ്കൂൾ അധ്യാപകൻ, തന്റെ പ്രവർത്തനത്തിന് ഒരു അവാർഡ് നേടുന്നത് ഇതാദ്യമല്ല. മുമ്പ് ഇന്നൊവേറ്റീവ് റിസർച്ചർ ഓഫ് ദി ഇയർ അവാർഡും, നാഷണൽ ഇന്നൊവേഷൻ ഫൌണ്ടേഷന്റെ ഇന്നൊവേറ്റർ ഓഫ് ദി ഇയർ 2018 അവാർഡും നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയുടെ ‘ഹിറ്റ് റിഫ്രെഷ്’ എന്ന പുസ്തകത്തിലും രഞ്ജിസിങ് ഡിസാലെയുടെ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഗ്ലോബൽ ടീച്ചർ പുരസ്ക്കാരത്തിനായി 140 രാജ്യങ്ങളിൽ നിന്നായി 12,000 നോമിനേഷനുകളും അപേക്ഷകളും ലഭിച്ചു. അവരിൽ നിന്ന് രഞ്ജിത്സിങ് ഡിസാലെ ഉൾപ്പടെ 10 പേരാണ് അന്തിമപട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നൈജീരിയയിൽ നിന്നുള്ള ഒലസുങ്കൻമി ഒപീഫ, യുകെയിൽ നിന്നുള്ള ജാമി ഫ്രോസ്റ്റ്, ഇറ്റലിയിൽ നിന്നുള്ള കാർലോ മസോൺ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മൊഖുഡു സിന്തിയ മച്ചാബ, യുഎസിൽ നിന്നുള്ള ലിയ ജുവൽകെ, ദക്ഷിണ കൊറിയയിൽ നിന്നുള്ള യുൻ ജിയോംഗ്-ഹ്യൂൺ, മലേഷ്യയിൽ നിന്നുള്ള സാമുവൽ യെശയ്യ, ബ്രസീലിൽ നിന്ന് ദൊവാനി ഇമാനുവേല ബെർട്ടാൻ എന്നിവരായിരുന്നു മറ്റ് ഫൈനലിസ്റ്റുകൾ.