ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് നാണം കെട്ട് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന തന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നതിന് സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചതോടെയാണ് അദ്ദേഹം അപമാനിതനായത്.
മേയ് ഏഴിന് രാത്രി പാകിസ്ഥാനിലും പാക് അധീന കശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നതാണ് അദ്ദേഹം നടത്തിയ അവകാശവാദം. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിലൊന്നാണ് അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന കാര്യവും.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയും 9 ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ച നിരവധി വ്യാജ വാര്‍ത്തകളിൽ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദമുള്‍പ്പെടെയുള്ളവ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് നടത്തിയിരുന്നു.