ദില്ലി: കിഫ്ബിയേയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് തിരിച്ചടി. മസാല ബോണ്ട് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് തന്നെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ്.കിഫ്ബി പോലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് (എസ്പിവി) മസാല ബോണ്ടുകള്‍ ഇറക്കാന്‍ അനുവാദം നല്‍കാന്‍ വ്യവസ്ഥയുണ്ട് എന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
മസാല ബോണ്ട് ഇറക്കാന്‍ ഫെമ ( വിദേശ നായണ നിയന്ത്രണ നിയമം- ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്) പ്രകാരം ആണ് അനുമതി നല്‍കിയിട്ടുള്ളത് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിലെ ഭരണഘടനാ വിഷയം തങ്ങളുടെ പരിഗണനയില്‍ ഉള്ള കാര്യമല്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കിഫ്ബിയുടെ വിദേശ വായ്പാ ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ റിസര്‍വ്വ് ബാങ്കിനോട് വിവരങ്ങള്‍ ആരാഞ്ഞ് കത്തയച്ചത്.
കിഫ്ബിയ്ക്ക് വായ്പ എടുക്കുന്നതിനുള്ള ശേഷിയുണ്ടോ എന്നതിന്റെ സാക്ഷ്യപത്രമല്ല തങ്ങള്‍ നല്‍കുന്ന അനുമതി എന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ മറ്റേതെങ്കിലും അനുമതികള്‍ നേടേണ്ടതുണ്ടോ എന്നതും തങ്ങളുടെ വിഷയമല്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിലപാട്. അത് കിഫ്ബിയുടേയും വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിന്റേയും ഉത്തരവാദിത്തമാണെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.
2018 ജൂണ്‍ മാസത്തിലാണ് കിഫ്ബിയ്ക്ക് ഇത് സംബന്ധിച്ച് അനുമതി നല്‍കുന്നത്. ഫെമ പ്രകാരമാണ് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചത്. ബോഡി കോര്‍പ്പറേറ്റ് എന്ന നിലയില്‍ കിഫ്ബിയ്ക്ക് വിദേശ വായ്പ എടുക്കാന്‍ അന്ന് പ്രതിബദ്ധങ്ങളും ഉണ്ടായിരുന്നില്ല.
എന്തായാലും കിഫ്ബി വിവാദത്തിന് താത്കാലികമായെങ്കിലും അവസാനം കുറിയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ മറുപടിയിലൂടെ സാധിക്കും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കിഫ്ബിയെ സംബന്ധിച്ച് സിഎജി പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന ധനമന്ത്രി രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കിഫ്ബി സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ സംശയനിഴലില്‍ നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന ആക്ഷേപമാണ് കേരളത്തിലെ ഇടതുപക്ഷം ഉയര്‍ത്തുന്നത്. കിഫ്ബിയ്‌ക്കെതിരെ ഉയര്‍ന്ന പരാതിയേയും ഇത്തരത്തിലാണ് സംസ്ഥാന സര്‍ക്കാരും വിലയിരുത്തുന്നത്.