ദീപക്കാഴ്‌ചയാൽ മനം നിറച്ച് കുമാരനല്ലൂർ തൃക്കാർത്തിക

0
97

കുമാരനല്ലൂർ : ക്ഷേത്രമുറ്റവും വഴികളും നിറയെ മൺചെരാതുകൾ മിഴിതുറന്നു നിൽക്കുന്ന ദീപക്കാഴ്ചയോടെയാണ് എല്ലാ വർഷവും തൃക്കാർത്തികയ്ക്കു ദേവീക്ഷേത്ര നട തുറക്കുന്നത്. ഇത്തവണ ശ്രീകോവിലും, നാലമ്പലവും, ദീപപ്രഭ ചൊരിഞ്ഞുനിൽക്കും. ചടങ്ങുകൾ പ്രൗഢിയോടെയാണ്. പക്ഷേ, ചുറ്റുമതിലിനു പുറത്തും, നടപ്പന്തലിലും വലിയ തോതിലുള്ള ദീപാലങ്കാരങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഉണ്ടാകില്ല. പോയ വർഷങ്ങളിൽ ദേവീക്ഷേത്ര സന്നിധിയിൽ ഭക്‌തസഹസ്രങ്ങൾ ദേവിയെ ഒരു നോക്കു കാണാനും, തൊഴാനും കാത്തു നിൽക്കുമായിരുന്നു

സാധാരണ പുലർച്ചെയുള്ള തൃക്കാർത്തിക ദർശനത്തെക്കാൾ തിരക്ക് വൈകിട്ടുള്ള ദേശവിളക്കിനാണ്. കുമാരനല്ലൂരിന്റെ തിരുമുറ്റത്തു വൈകിട്ടത്തെ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് മണിക്കൂറുകൾ നീണ്ടുനിൽക്കുകയാണ് പതിവ്.

ഓരോ തൃക്കാർത്തികയ്ക്കും, വില്വമംഗലത്തിനു ദർശനം നൽകിയ പരാശക്‌തിയെ സർവാലങ്കാരവിഭൂഷിതയായി ദർശിക്കാൻ ഇവിടേക്കു ഭക്തർ ഒഴുകിയെത്തിയിരുന്നു.

ഐശ്വര്യത്തിന്റെ ദേവിയായി സങ്കൽപിക്കുന്ന കുമാരനല്ലൂരമ്മയെ അകം നിറഞ്ഞു തൊഴുന്ന ഭക്തി ഗാനങ്ങൾ ഇപ്രാവശ്യം കേൾക്കാനില്ല. ആഘോഷ പരിപാടികൾ നിയ്രന്തിച്ചിട്ടുള്ളതിനാൽ മൈക്കും മറ്റും ഒഴിവാക്കിയിരിക്കുന്നു.

കുമാരനല്ലൂർ ദേവിയുടെ ആറാട്ട് എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും ദർശിക്കുന്നതു ഭക്തർക്കു പ്രധാനമാണ്. ഇതിനായി ഭക്തർക്ക് നിയന്ത്രണങ്ങളോടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്.

LEAVE A REPLY

Please enter your comment!
Please enter your name here