പാരീസ്: തുടരെത്തുടരെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നടപടിയുമായി ഫ്രാന്‍സ്. ഇതിന്റെ ഭാഗമായി പാരീസ് നഗരപ്രാന്തത്തിലുള്ള വലിയ അഭയാര്‍ത്ഥി ക്യാമ്ബ് ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചു. ഫ്രഞ്ച് നാഷണല്‍ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള അനധികൃത കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന ക്യാമ്ബാണ് ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചത്.
നഗരത്തിന് പുറത്തേക്കുള്ള ഒരു ഫ്ലൈഓവറിന് കീഴിലുള്ള ക്യാമ്ബില്‍ ടെന്‍ഡുകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും നിര്‍മ്മിച്ച നിരവധി കുടിലുകളാണ് ഇത്തരത്തില്‍ പോലീസ് പൊളിച്ചുനീക്കിയത്. ഇവിടെ കുടുംബമായി താമസിച്ചിരുന്ന അഭയാര്‍ഥികളോട് സ്ഥലത്തുനിന്നും മാറാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് ഇവ ഒഴിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി കുടിലുകള്‍ പൊളിച്ചു മാറ്റി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബസ്സില്‍ കയറി സ്ഥലത്തുനിന്ന് മാറാനായിരുന്നു പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ബസ്സില്‍ കയറാന്‍ തിക്കുംതിരക്കും കാട്ടിയവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ നിരവധി കുട്ടികള്‍ ഉണ്ടായിരുന്നതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യാമ്ബില്‍ ഏകദേശം രണ്ടായിരത്തോളം പേരാണ് ഉണ്ടായിരുന്നതെന്നാണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയ്ഡ് തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷവും ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പ്രവാചകന്റെ വിവാദ വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.ഈ സാഹചര്യത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സിലേക്ക് നടക്കുന്ന കുടിയേറ്റങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു ഇതിനുപിന്നാലെയാണ് അഭയാര്‍ഥി ക്യാമ്ബുകള്‍ ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചത്. എന്നാല്‍ കോവിഡ് വൈറസിന്റെ വ്യാപനം മൂലം അത് തടയാനാണ് കുടിലുകള്‍ ഒഴിപ്പിച്ചതെന്നാണ് ഫ്രഞ്ച് പോലീസിന്റെ വാദം.