യുഎഇയിൽ നോമ്പുകാലത്തുണ്ടാകുന്ന അഞ്ച് മാറ്റങ്ങള്‍ ഇവയാണ്

0
14
റമളാന്‍ നോമ്പുകാലം ആരംഭിക്കാന്‍ ഇനി ഏകദേശം ഒന്നര മാസം മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി 28നോ മാര്‍ച്ച് ഒന്നിനോ ഈ വര്‍ഷത്തെ നോമ്പുകാലം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ നോമ്പുകാലത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടാകാറുള്ളത്. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലും ഓഫീസ് സമയങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരും. യുഎഇയിൽ താമസിക്കുന്നവര്‍ നോമ്പുകാലത്ത് ഉണ്ടാകുന്ന ഈ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലത്. സ്വകാര്യ ഓഫീസുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂറുകളോളം കുറയും എന്നതാണ് ഒന്നാമത്തെ മാറ്റം. ഫെഡറൽ ഡിക്രി ലോ 33 ഓഫ് 2021 നടപ്പിലാക്കുന്നതുമായി ബന്ധപ്പട്ട കാബിനറ്റ് റെസല്യൂഷന്‍ നമ്പര്‍. 1 ഓഫ് 2022 ആര്‍ട്ടിക്കിള്‍ 15 (2) അനുസരിച്ചാണ് പ്രവര്‍ത്തന മണിക്കൂറുകള്‍ കുറക്കുന്നത്. യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാവരും ശമ്പളം കുറയാതെ ഈ ഇളവ് നേടാന്‍ അര്‍ഹരാണെന്ന് യുഎഇ സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. രണ്ടാമതായി മാറ്റം വരുന്നത് രാജ്യത്തെ പെയിഡ് പാര്‍ക്കിങ് മണിക്കൂറുകളിലാണ്. സാധാരണയായി രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പെയിഡ് പാര്‍ക്കിങ് സമയം. റമളാന്‍ മാസത്തിൽ ഇത് രാവിലെ 8 മണി മുതൽ വെെകീട്ട് ആറു മണി വരെയും, പിന്നീട് രാത്രി 8 മണി മുതൽ പത്ത് മണി വരെയുമായി മാറും. മള്‍ട്ടിസ്റ്റോറി പാര്‍ക്കിങ് ബില്‍ഡിങുകളിലെ പെയിഡ് പാര്‍ക്കിങ് ഫീസിൽ മാറ്റമുണ്ടാകില്ല. ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനായി മുഴുവന്‍ സമയത്തും ഫീസ് നല്‍കേണ്ടതായി വരും. മൂന്നാമതായി പറയുന്നത് സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളിലെ മാറ്റത്തെ കുറിച്ചാണ്. ഈ വര്‍ഷത്തെ നോമ്പുകാലത്ത് സ്കൂള്‍ സമയത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ രീതി തന്നെ ഇത്തവണയും അധികൃതര്‍ പിന്തുടരാനാണ് സാധ്യത. 2024-ലെ നോമ്പുകാലത്ത് സ്വകാര്യ സ്കൂളുകള്‍ ഒരു ദിവസം പരമാവധി 5 മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കണമെന്നാണ് ദുബായ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലെപ്മെന്‍റ് അതോറിറ്റി നിശ്ചയിച്ചത്. വെള്ളിയാഴ്ച്ചകളിൽ ക്ലാസുകള്‍ ഉച്ചക്ക് 12 മണിയോടെ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നാലാമത്തെ മാറ്റം യുഎഇയിലെ റസ്റ്റോറന്‍റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. പകല്‍ സമയത്ത് ഭൂരിഭാഗം പേര്‍ക്കും വ്രതമായതിനാൽ മിക്ക റസ്റ്റോറന്‍റുകളും യുഎഇയിൽ പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാറില്ല. വൈകുന്നേരമാണ് ഇവ തുറക്കാറുള്ളത്. എന്നാൽ ചില റസ്റ്റോറന്‍റുകളും കഫേകളുമെല്ലാം പകല്‍ സമയത്ത് തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. ഇവ അടച്ചിട്ട ഏരിയകളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ഡെലിവറി, ടേക്ക് ഏവേ സേവനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. ഗ്രോസറി ഷോപ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളുമെല്ലാം സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കാറാണ് പതിവ്. നോമ്പ് അനുഷ്ഠിക്കുന്നവരുടെ സൗകര്യത്തിനായി മാളുകള്‍ രാത്രി സമയങ്ങളിലും പ്രവര്‍ത്തിക്കാറുണ്ട്. അഞ്ചാമതായി അറിയേണ്ടത് സാലിക് ടോള്‍ നിരക്കിൽ വരുന്ന മാറ്റത്തെ കുറിച്ചാണ്. ജനുവരി 31 മുതൽ പുതിയ വേരിയബിള്‍ പേ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സാലിക്. ഇതനുസരിച്ചുള്ള ടോള്‍ നിരക്കുകള്‍ നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. റമളാന്‍ മാസത്തിലും ചെറിയ മാറ്റങ്ങള്‍ സാലിക് ഫീസ് നിരക്കില്‍ വരുന്നുണ്ട്. സാധാരണ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ ആറു ദിര്‍ഹമാണ് ടോള്‍ അടക്കേണ്ടത്. തിരക്കില്ലാത്ത സമയങ്ങളായ രാവിലെ 7 മുതൽ 9 വരെയും വൈകീട്ട് 5 മുതൽ പുലര്‍ച്ചെ 2 വരെയും നാലു ദിര്‍ഹമാണ് ടോള്‍. പൊതു അവധി ദിനങ്ങളോ മറ്റ് പരിപാടികള്‍ നടക്കുന്ന ദിവസങ്ങളോ അല്ലാത്ത ഞായറാഴ്ച്ചകളിൽ മുഴുവന്‍ സമയത്തും 4 ദിര്‍ഹമാണ് ടോള്‍ നിരക്ക് ഈടാക്കുക. വീക്ക്ഡേയ്സിൽ പുലര്‍ച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ ടോള്‍ അടക്കേണ്ടി വരികയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here