ന്യൂഡല്‍ഹി: കൊവിഡ് കേസുകളുടെ വര്‍ധനയില്‍ ആശങ്കയേറി രാജ്യതലസ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് 131 കൊവിഡ് മരണമാണ്. ഇതാദ്യമായാണ് ഇത്രയും മരണം ഡല്‍ഹിയില്‍ ഒരു ദിവസം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 7,486 പുതിയ കേസുകളും സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ മൊത്തം കേസുകള്‍ ഇതോടെ അഞ്ചു ലക്ഷം പിന്നിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 7,943 ആയി ഉയര്‍ന്നു.
62,232 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഏഴായിരത്തിലേറെ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03 ശതമാനം. നവംബര്‍ 11ന് 8,593 കേസുകള്‍ കണ്ടെത്തിയതാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന.സംസ്ഥാനത്തെ ആക്റ്റിവ് കേസുകള്‍ 42,458 ആയി ഉയര്‍ന്നിട്ടുണ്ട്. മൊത്തം കേസുകള്‍ 5,03,084 ആയി. നഗരത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 660 ഐസിയു ബെഡ്ഡുകള്‍ കൂടി ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ലോക്കല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്.