നിയന്ത്രണങ്ങൾ ലംഘിച്ചു ജനങ്ങൾ , വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ഡൽഹി

0
82

ന്യൂഡല്‍ഹി: പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ജനങ്ങള്‍ കാറ്റില്‍പറത്തിയതോടെ ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി. നിരോധനം മറികടന്ന പടക്കം പൊട്ടിച്ചതിനൊപ്പം അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും മലിനീകരണതോത് ഉയരാന്‍ കാരണമായി. വായു ഗുണനിലവാര സൂചികയില്‍ (എ.ക്യു.ഐ) ഇന്ന് 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ദീപാവലി ദിനത്തില്‍ 337 ആയിരുന്നു ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക.

 

എ.ക്യൂ.ഐ 414 എന്നത് ഗുരുതരമായ വിഭാഗത്തിലാണ്.കഴിഞ്ഞദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ദീപാവലി ദിനത്തില്‍ 337 ആയിരുന്നു ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മലിനീകരണതോത് ഉയര്‍ന്നിരുന്നു. മലിനീകരണം കുറയ്ക്കാനായി ഇത്തവണ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നവംബര്‍ 30 വരെ ദേശീയ ഹരിത ട്രിബ്യൂണല്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

 

നഗരത്തിലെ വായു മലിനീകരണത്തില്‍ 32 ശതമാനവും വൈക്കോല്‍ കത്തിക്കുന്നത് മൂലമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണ്ടെത്തല്‍. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും പിഎം(പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മലിനീകരണതോത് 400 കടന്നു. ഒട്ടേറെ മേഖലകളില്‍ ഇത് 500-ന് അടുത്താണ്. പലയിടത്തും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതായും കാഴ്ച മറഞ്ഞതായും ജനങ്ങള്‍ പറഞ്ഞു. ശാന്തമായ കാറ്റ് വീശുന്നത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here