ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാരുള്‍പ്പെടെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രത്യാക്രമണത്തില്‍ 11 പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്ത്രണരേഖാ പ്രദേശങ്ങളില്‍ രാത്രി വൈകിയും സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. ഇരു വിഭാഗം സൈന്യവും ഇപ്പോഴും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉറി, കമല്‍കോട്ട് സെക്ടറുകളിലെയും, ബരാമുള്ളയിലെയും നിയന്ത്രണ രേഖകളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാവിലെ കേരാന്‍ സെക്ടറിലെ നിയന്ത്രണ രേഖവഴിയുളള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായത്.കമല്‍കോട്ടിലുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.
ഉറിയിലുണ്ടായ ആക്രമണത്തില്‍ നാല് ജവാന്മാരും പ്രദേശവാസിയായ സ്ത്രീയുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബരാമുള്ളയിലെ നിയന്ത്രണ രേഖയിലുണ്ടായ ആക്രമണത്തില്‍ ബിഎസ്‌എഫ് എസ്പി വീരമൃത്യുവരിച്ചു. ഇതിന് പുറമേ നിരവധി പ്രദേശവാസികള്‍ക്കും, സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം ഇന്ത്യന്‍ സൈന്യം നല്‍കിയ കനത്ത തിരിച്ചടിയില്‍ വന്‍ നാശനഷ്ടമാണ് പാക് സൈന്യത്തിന് നേരിട്ടത്.
11 പാക് സൈനികരെ വധിച്ചതിന് പുറമേ സൈനിക ബങ്കറുകളും, ഇന്ധന സംഭരണികളും, ലോഞ്ച് പാഡുകളും ഇന്ത്യം സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. ഇന്ത്യയുടെ പ്രതിരോധത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ പാക് സൈന്യം ഒരുക്കിയ സംവിധാനങ്ങള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ തകരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാകിസ്താന്റെ ബങ്കറുകളും, ഒളിത്താവളങ്ങളും തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയുടെഷെല്ലാക്രമണത്തില്‍ നിന്നും പാക് സൈനികര്‍ ഓടിമാറുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.വിഷയത്തില്‍ പാകിസ്താന്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഒരു സൈനികനും, മൂന്ന് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത് എന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്