ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശം ജനങ്ങള്‍ക്ക് ഉണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി.പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പറഞ്ഞു