ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി. ക്ഷേത്രത്തിന് മുന്നിലെ കല്യാണമണ്ഡപത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്താം. ബുക്കിംഗ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളില്‍ നേരിട്ടു പണമടച്ചോ ഓണ്‍ലൈന്‍ ആയോ ബുക്ക് ചെയ്യാം. ക്ഷേത്ര നടയില്‍ താലി കെട്ടാന്‍ വരുന്ന വിവാഹ സംഘങ്ങളെ മഴയത്തും ഗേറ്റിന് പുറത്ത് നിര്‍ത്തന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാട്സ് ആപ്പ് വഴി ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിറും തീരുമാനമെടുത്തത്. വിവാഹം നടത്താന്‍ 24 മണിക്കൂര്‍ മുന്പ് നേരിട്ടോ 48 മണിക്കൂര്‍ മുന്പ് ഓണ്‍ലൈന്‍ ആയോ ബുക്ക് ചെയ്യണം.
പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അടക്കം 12 പേരില്‍ കൂടുതല്‍ പാടില്ല. ഒരു ദിവസം 40 വിവാഹത്തിനാണ് അനുമതി. മുഹൂര്‍ത്തതിന് 20 മിനിറ്റ് മുന്പ് എത്തണം. മുന്പ് വിവാഹം ബുക്ക് ചെയ്ത് നടത്താന്‍ കഴിയാത്തവര്‍ക്കും സൗകര്യമൊരുക്കുമെന്ന് ഭരണസമിതി അറിയിച്ചു.