മുംബൈ : വിരമിച്ച പിഎസ്‌യു ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരേ റാങ്കില്‍ ഒരേ സര്‍വീസ് കാലയളവ് പൂര്‍ത്തിയാക്കി വിരമിച്ച എല്ലാവര്‍ക്കും വിരമിക്കല്‍ തിയതി പരിഗണിക്കാതെ ഒരേ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ (വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി)).
നേരത്തെ വിരമിച്ചുവെന്നതിന്റെ പേരില്‍ പെന്‍ഷന്‍ നല്‍കുന്നതില്‍ വിവേചനം കാണിക്കരുതെന്ന് പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് ബാങ്കുകളോട് ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) എഴുപത്തിമൂന്നാമത് വാര്‍ഷിക ജനറല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം ബാങ്കുകളോട് മന്ത്രി ആവശ്യപ്പെട്ടത്. യോഗത്തില്‍ ബാങ്കുകളിലെ ചീഫ് ഉദ്യോഗസ്ഥരും ഐബിഎ ചെയര്‍മാന്‍ രാജ്കിരണ്‍ റായിയും പങ്കെടുത്തിരുന്നു.
ബാങ്കുകളോട് കുടുംബ പെന്‍ഷന്‍ പദ്ധതി അവലോകനം ചെയ്യാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍, ബുധനാഴ്ച പതിനൊന്നാമത് ഉഭയകക്ഷി വേതന തീര്‍പ്പാക്കല്‍ പദ്ധതി ഉദ്ഘാടനത്തിനു ശേഷം കുടുംബ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചേക്കും