വാഷിംഗ്ടണ്‍: അമേരിക്ക-കാനഡ അതിർത്തിയിലെ യാത്രാനിരോധനം 30 ദിവസം കൂടി തുടരും. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണം ജൂലൈ 21ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്. കനേഡിയൻ സർക്കാരിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മാർച്ച് 21നാണ് അതിർത്തി ആദ്യമായി അടച്ചത്. അതിനുശേഷം ഇത് നാലാം തവണയാണ് യാത്രാനിരോധനം നീട്ടുന്നത്. അതിർത്തിയിലെ ഗതാഗത, യാത്രാ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നു.