മാതാ പിതാ ഗുരു ദൈവം എന്ന സങ്കൽപം മനസിൽ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനം എന്നതാണ് ഇതിന്റെ സാരാംശം. അനുഭവജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മൾക്ക് വിദ്യ ഉപദേശിച്ചു നൽകുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല. അത്തരത്തിൽ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചാം തീയതിയാണ്. തങ്ങളുടെ ഉദാത്തമായ സേവനങ്ങൾ കൊണ്ടും ഇടപെടൽ കൊണ്ടും വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്‌തുതിക്കാനും ഓർക്കാനുമാണ് ഈ ദിനം നമ്മൾ ഉപയോഗപ്പെടുത്തുന്നത്. ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.
ഒരു സമൂഹത്തെ മുഴുവൻ വാർത്തെടുക്കുന്നതിൽ, ബാല്യകൗമാര കാലത്തെ കുട്ടികളുടെ ചാപല്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ നേർവഴിക്ക് നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. എങ്കിലും പലപ്പോഴും വേണ്ടത്ര അംഗീകാരങ്ങൾ അവർക്ക് കിട്ടാറില്ലെന്ന് നമുക്ക് തോന്നിയാൽ അതിനെയൊരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്നതിന് വലിയൊരു കാരണമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു അധ്യാപകന്റെ മഹത്തായ ഒരു മനുഷ്യന്റെ ഓർമ്മയ്ക്ക് വേണ്ടിയാണു അന്നത്തെ ദിവസം നാം രാജ്യമെമ്പാടും അധ്യാപക ദിനം എന്ന നിലയിൽ കൊണ്ടാടുന്നത്.
ചരിത്രവും പ്രത്യേകതകളും
ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. സൈദ്ധാന്തികവും ദൈവശാസ്ത്രപരവും ധാർമ്മികവും പ്രബോധനപരവും സാമുദായികവും പ്രബുദ്ധവുമായ വിഷയങ്ങളിൽ ഉൾപ്പെടെ അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ തന്നെ ഡോ. എസ് രാധാകൃഷ്‌ണനെ സമീപിച്ചത്. ഇതോടെയാണ് വിദ്യാർത്ഥികൾക്കായി എക്കാലവും ത്യാഗങ്ങൾ സഹിക്കുന്ന അധ്യാപകരെ ഓർക്കുന്ന ദിനമായി അത് ആഘോഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചത്.സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തിൽ രാജ്യമെമ്പാടും സ്‌കൂളുകളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. അന്നേ ദിവസം അധ്യാപകരുടെ സഹനത്തെയും അവരുടെ കഴിവുകളെയും ഓർക്കാനും അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ സ്‌മരിക്കാനും ഒട്ടുമിക്ക വിദ്യാലയങ്ങളും പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും അതിലുപരി മികച്ചൊരു അധ്യാപകനും കൂടിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ എന്ന എസ് രാധാകൃഷ്‌ണന്റെ മഹത്തായ സംഭാവനകളും നേട്ടങ്ങളും മാനിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1888 സെപ്റ്റംബർ 5ന് ജനിച്ച ഡോ. എസ് രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്‌ഠിച്ചിരുന്നു, അതിന് പുറമെ ഒരു പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന അവാർഡ് ജേതാവ് കൂടിയായിരുന്നു അദ്ദേഹം.
ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെയാണ് പൂർത്തിയാക്കിയത്. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെയും, 1939ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെയും വൈസ് ചാൻസലറായി. തന്റെ ജീവിതത്തിലുടനീളം, ഡോ. എസ് രാധാകൃഷ്‌ണൻ ഒരു മിടുക്കനായ വിദ്യാർത്ഥിയും അതിലേറെ പ്രിയപ്പെട്ട ഒരു അധ്യാപകനുമായിരുന്നു. 1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിച്ചത്.
സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയെ ആദരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള പങ്കിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പിന്നീട് ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും നാം ഇപ്പോഴും അത് തുടർന്ന് പോരുന്നു.